തൊടുപുഴ: നാലുവരി പാതയിൽ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ റോഡിലേക്ക് കൂറ്റൻ ചില്ലുഗ്ലാസ് തകർന്നു വീണു. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം. മങ്ങാട്ടുക്കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ചൈതന്യ ഗ്ലാസ് ആന്റ് പ്ലൈവുഡ് ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിലേക്ക് എത്തിച്ച ഗ്ലാസാണ് തകർന്നത്.
ലോറിയിൽ നിന്ന് ക്രെയിൻ ഉപയോഗിച്ച് ഷോറൂമിലേക്ക് മാറ്റുന്നതിനിടെ ഗ്ലാസുകൾ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകടത്തിന് കാരണമായത്. ജീവനക്കാർ ഏറെ നേരം പണിപ്പെട്ടാണ് വാഹനം കടന്ന് പോകുന്ന തരത്തിൽ ഗ്ലാസുകൾ നീക്കിയത്. പിന്നീട് ഇവ പൂർണമായും നീക്കുന്നതിന് മണിക്കൂറുകളെടുത്തു. മേഖലയാകെ ഗ്ലാസ് നിറഞ്ഞതോടെ നാട്ടുകാരിടപ്പെട്ട് വാഹനങ്ങൾ മറുവശത്തൂടെ കടത്തി വിട്ടു.