മൂലമറ്റം: പ്രളയത്തിൽ തകർന്ന മണപ്പാടി പാലം പുനർമിർമ്മിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം. പാലവും ഇരുവശങ്ങളിലെ ഭിത്തികളും കഴിഞ്ഞ വെള്ളപ്പൊക്കത്തിലാണ് പൂർണ്ണമായും തകർന്നത്. ദിവസവും നൂറുകണക്കിനാളുകളും ഇരുചക്രവാഹനങ്ങളും കടന്ന് പോകുന്ന പാലമാണിത്. തങ്ങൾക്ക് ആവശ്യമില്ലാത്തതിനാൽ പാലം പുനർനിർമ്മിക്കേണ്ട എന്നാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. എന്നാൽ ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതിനാൽ അറക്കുളം പഞ്ചായത്തിന് ഇത് ഏറ്റെടുത്ത് നിർമ്മിക്കാനും കഴിയുന്നില്ല. വൻ തുക വേണ്ടിവരുമെന്നതിനാൽ പഞ്ചായത്ത് ഇനിയും പാലം നിർമ്മാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല . സർക്കാരിൽ നിന്നോ ജലവിഭവ വകുപ്പിൽ നിന്നോ പ്രത്യേകമായി ഫണ്ട് ലഭിച്ചാൽ പാലം നിർമ്മിക്കാമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പാലം പുനർമ്മിക്കണമെങ്കിൽ 40 ലക്ഷം രൂപയെങ്കിലും വേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഈ വർഷം പഞ്ചായത്തിന് പാലം സ്വന്തം നിലയിൽ നിർമ്മിക്കാനാവില്ലെന്നും പഞ്ചായത്തധികൃതർ വ്യക്തമാക്കുന്നു. പഞ്ചായത്ത് ആവശ്യപ്പെട്ടാൽ പാലം നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടുകൊടുക്കാൻ മൂലമറ്റത്തെ വൈദ്യുതി ബോർഡധികൃതർ തയ്യാറാണ്.
അരനൂറ്റാണ്ട്
പഴക്കമുള്ള പാലം
പവർഹൗസ് നിർമ്മാണവുമായി ബന്ധപ്പെട്ട് 1965ൽ വൈദ്യുതി ബോർഡ് നിർമ്മിച്ചതാണ് പാലം. മണപ്പാടി, ഇലപ്പള്ളി, എടാട്,കണ്ണിക്കൽ,പുത്തേട്, തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളാണ് നിത്യവും ഈ പാലം ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ മൂലമറ്റം ടൗണിൽ എത്തുന്നതിനും മണപ്പാടിപ്പാലം ഏറെ ഉപകാരപ്പെട്ടിരുന്നു.