തൊടുപുഴ: ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇടമലക്കുടിയിൽ സി.പി.എം സിറ്റിംഗ് സീറ്റിൽ ബി.ജെ.പിക്ക് ഒരു വോട്ടിന്റെ അട്ടിമറി വിജയം. വടക്കേ ഇഡലിപ്പാറക്കുടിയിൽ ബി.ജെ.പി സ്ഥാനാർത്ഥി ചിന്താമണി കാമരാജാണ് (44) സി.പി.എമ്മിലെ ശ്രീദേവി രാജ മുത്തുവിനെ തറപറ്റിച്ചത്. അതേസമയം രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡ് കോൺഗ്രസ് നിലനിറുത്തി.

ഒമ്പതാം വാർഡായ വടക്കേ ഇഡലിപ്പാറകുടിയിൽ ആകെയുള്ള 132 വോട്ടർമാരിൽ 92 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ബി.ജെ.പി സ്ഥാനാർത്ഥി ചിന്താമണി കാമരാജിന് 39 വോട്ട് ലഭിച്ചു. സി.പി.എമ്മിലെ ശ്രീദേവി രാജ മുത്തുവിന് 38 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന്റെ ചന്ദ്ര പരമശിവന് 15 വോട്ടുകൾ ലഭിച്ചു. ഇതോടെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ബി.ജെ.പിക്ക് അഞ്ച് സീറ്റുകളായി. ഇതിൽ 11-ാം വാർഡായ ആണ്ടവൻ കുടിയിലെ ബി.ജെ.പി പ്രതിനിധിയായ കാമാക്ഷി മൂന്ന് മാസം മുമ്പ് മരിച്ചിരുന്നു. ഇവിടെ ഉടനെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആറ് അംഗങ്ങളുള്ള കോൺഗ്രസിനാണ് പഞ്ചായത്തിന്റെ ഭരണം. ഈ പരാജയത്തോടെ സി.പി.എമ്മിന്റെ അംഗസംഖ്യ ഒന്നായി കുറഞ്ഞു. സി.പി.ഐയക്ക് ഒരു അംഗമുണ്ട്.

സി.പി.എമ്മിലെ ഉത്തമ്മാൾ ചിന്നസ്വാമിയുടെ മരണത്തെ തുടർന്നാണ് വടക്കേ ഇഡലി പാറയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആണ്ടവൻ കുടിയിലെ ബി.ജെ.പി അംഗമായിരുന്ന കാമാക്ഷിയുടെ മരണത്തെ തുടർന്ന് ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടത്തെ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.

കുരിശുംപടി 'കൈ" പിടിക്കുള്ളിൽ
രാജാക്കാട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ കുരിശുംപടി കോൺഗ്രസിൽ ഭദ്രമാണെന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പ്രിൻസ് തോമസ് 678 വോട്ട് നേടിയപ്പോൾ സി.പി.ഐയുടെ കെ.പി. അനിലിന് 249 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 429 വോട്ടുകളുടെ ഭൂരിപക്ഷം. 2010ൽ ഇരുവരും ഇതേ വാർഡിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അനിൽ ജയിച്ചു. എന്നാൽ, ഇത്തവണ വൻഭൂരിപക്ഷത്തിൽ ജയിച്ച് പ്രിൻസ് മധുരപ്രതികാരം വീട്ടി. 523 പുരുഷന്മാരും,610 സ്ത്രീകളുമടക്കം 1133 വോട്ടർമാരാണ് വാർഡിലുള്ളത്. 427 പുരുഷന്മാരും 496 സ്ത്രീകളുമുൾപ്പെടെ 923 പേരും നാല് പോസ്റ്റലുമടക്കം 927 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 81.8% ആണ് ആകെ വോട്ടിംഗ് ശതമാനം. ബി.ജെ.പിക്ക് ഇത്തവണ സ്ഥാനാർഥി ഇല്ലായിരുന്നു. 2010 ൽ ഇതേ വാർഡിൽ ഇവർ തമ്മിൽ മത്സരിച്ചപ്പോൾ വിജയിച്ചത് അനിലായിരുന്നു. നാല് വോട്ടുകൾക്കാണ് പ്രിൻസിനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 168 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച യു.ഡി.എഫിലെ റെജി പനച്ചിക്കലിന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. മൂന്ന് തവണ മത്സരിച്ച് വിജയിച്ചിട്ടുള്ള സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കൂടിയായ അനിൽ നാലാം തവണയാണ് പാർട്ടി നേതൃത്വത്തിന്റെ പ്രത്യേക അനുമതിയോടെ മത്സരിച്ചത്. 13 വാർഡുകളുള്ള രാജാക്കാട് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഏഴ് സീറ്റുകളുള്ളതിനാൽ ഭരണ പ്രതിസന്ധിയില്ല. മുൻ വർഷങ്ങളിലെല്ലാം ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്ന സി.പി.ഐയ്ക്ക് ഇത്തവണ ഒരു സീറ്റും ഇല്ല. സി.പി.എമ്മിലെ അഞ്ച് അംഗങ്ങളും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിലെ രണ്ട് അംഗങ്ങളുമാണ് എൽ.ഡി.എഫിലുള്ളത്. യു.ഡി.എഫിൽ കോൺഗ്രസ് അഞ്ച്, കേരള കോൺഗ്രസ് ഒന്ന് എന്നതാണ് നിലവിലെ കക്ഷി നില.