മുട്ടം: ജില്ലാ ജഡ്ജിയും ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റും, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റും ഒന്നിച്ച് പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച അത്യപൂർവ്വമായ സംഭവമാണ് ഇന്നലെ മുട്ടം സ്റ്റേഷനിലുണ്ടായത്. മുട്ടം സ്റ്റേഷന് ഐ .എസ്. ഒ അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസം എറണാകുളം മേഖല ഡി ഐ ജി സുനിൽ കുമാർ ഗുപ്ത മുട്ടം സ്റ്റേഷന് കൈമാറിയിരുന്നു. ഇത് സംബന്ധിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്റ്റേഷൻ സന്ദർശിക്കുന്നതിനും ഐ എസ് ഒ പദവി ലഭ്യമാക്കുന്നതിന് പ്രവർത്തിച്ച പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതിനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജും സെഷൻസ് ജഡ്ജുമായ പി എസ് .ശശികുമാർ താല്പര്യം അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ജില്ലാ ജഡ്ജ് സ്റ്റേഷനിൽ നേരിട്ട് എത്തിയത്. തൊടുപുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ പി ജോയി, ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജിജിമോൾ പി കെ എന്നിവരും അദ്ദേഹത്തിനൊപ്പം സ്റ്റേഷനിൽ എത്തിയിരുന്നു. ഇന്നലെ രാവിലെ 9.30 ന് സ്റ്റേഷനിൽ എത്തിയ ജില്ലാ ജഡ്ജ്നേയും സംഘത്തേയും തൊടുപുഴ ഡി വൈ എസ് പി കെ സദൻ, മുട്ടം സി ഐ വി ശിവകുമാർ, എസ് ഐ മാരായ അനിൽ ടി കെ, പി കെ ഷാജഹാൻ,മുഹമ്മദാലി,സ്റ്റേഷൻ പി ആർ ഒ അബ്‌ദുൽ ഖാദർ എന്നിവരുടെ നേതൃത്വത്തിൽ ബോക്കെ നൽകി സ്വീകരിച്ചു.തുടർന്ന് പൊലീസ് ഗാർഡർ ഓഫ് ഓണർ നൽകി. സ്റ്റേഷൻ അധികൃതർ ഒരുക്കിയ കേക്ക് മുറിച്ച് ജില്ലാ ജഡ്ജ് ഏവർക്കും നൽകിയാണ് സന്തോഷം പങ്കിട്ടത്.