
വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അത്യന്തം ദൗർഭാഗ്യകരമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിയാർ തീരത്തെ ആയിരക്കണക്കിനു മനുഷ്യരുടെ മനസിൽ തീ കോരിയിടുന്ന സമീപനമാണ് തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്നത്. കേരളത്തെ മുൻകൂട്ടി അറിയിച്ച് പകൽ സമയത്ത് വെള്ളം തുറന്നു വിടാനുള്ള മര്യാദയെങ്കിലും തമിഴ്‌നാട് കാണിക്കണം. കേരളത്തിലെ 45 ലക്ഷത്തോളം വരുന്ന മനുഷ്യരുടെ ജീവൻ പന്താടുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തുകയും ഒരു പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യം പ്രായോഗികമാക്കുന്നതിനുള്ള സമീപനം കേന്ദ്രം സ്വീകരിക്കണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.പീരുമേട് മണ്ഡലം സെക്രട്ടറി എസ് ചന്ദ്രശേഖരപിള്ള അദ്ധ്യക്ഷതവഹിച്ചു. വാഴൂർ സോമൻ എംഎൽഎ, ജില്ലാ എക്‌സിക്യുട്ടീവ് അംഗങ്ങളായ ജോസ് ഫിലിപ്പ്, ഇ എസ് .ബിജിമോൾ, കെ എം ചന്ദ്രൻ, ജോസ് വടക്കേടം, എം .ആന്റണി തുടങ്ങിയവർ സംസാരിച്ചു.