തൊടുപുഴ: സി.പി.എം- സി.പി.ഐ ചേരിപ്പോരിൽ ലൈഫ് മിഷൻ ഭവന പദ്ധതി അവതാളത്തിലായതിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബും പ്രതിഷേധിച്ചു. ലൈഫ് മിഷൻ പദ്ധതിയിൽ വീട്‌ ലഭിക്കുന്നതിന് ലഭിച്ചിട്ടുള്ള അപേക്ഷകൾ കൃഷിവകുപ്പിന്റെയും തദ്ദേശസ്വയംഭരണവകുപ്പിന്റെയും സംയുക്ത പരിശോധന നടത്തി തീർപ്പാക്കേണ്ടതാണ്. ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷകൾ തീർപ്പാക്കേണ്ട സമയപരിധിക്കുള്ളിൽ സംയുക്ത പരിശോധന നടക്കാതെ പോയത് ഗുരുതര വീഴ്ചയാണ്. വകുപ്പുകൾ തമ്മിലുള്ള കിടമത്സരത്തിൽ പദ്ധതിയുടെ ആനുകൂല്യം അർഹതപ്പെട്ടവർക്ക് കിട്ടാതെ പോകുന്നത് ന്യായീകരിക്കാനാവില്ല. സമയപരിധി നീട്ടി അർഹരായവർക്കെല്ലാം പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണമെന്ന്‌ യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.