പീരുമേട്: വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം മുടങ്ങുന്നത് ഗൗരവതരമാണെന്നും അടിയന്തരമായി പരിഹരിക്കേണ്ടതുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഉടമ ഉപേക്ഷിച്ചു പോയ കോട്ടമല എസ്റ്റേറ്റിലെ രണ്ടു വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം മുടങ്ങിയതിനെതിരെ ഇന്റർനാഷണൽ യൂത്ത് ഡെവലപ്പ്‌മെന്റ് കൗൺസിൽ ഇന്ത്യാ ഡയറക്ടർ ഡോ. ഗിന്നസ് മാടസാമി നൽകിയ പരാതിയിന്മേൽ നൽകിയ ഉത്തരവിലാണ് കമ്മിഷൻ സുപ്രധാന പരാമർശം നടത്തിയത്. ഇടിഞ്ഞു വീഴാറായ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന രാമയ്യ പാണ്ടി- ജയ ദമ്പതികളുടെ രണ്ടു മക്കളുടെ ഓൺലൈൻ പഠനം വൈദ്യുതി കണക്ഷൻ ഇല്ലാത്തതു കൊണ്ടു മുടങ്ങി പോയിരുന്നു. ഉടമ ഉപേക്ഷിച്ചു പോയപ്പോൾ തന്നെ ലയത്തിന്റെ വൈദ്യുതിയും വിച്ഛേദിച്ചു പോയി. മൂത്ത മകൾ സുഭാഷിണി പ്ലസ് ടു പൂർത്തിയാക്കി തുടർ വിദ്യാഭ്യാസം ആരംഭിച്ചപ്പോൾ ഇളയമകൻ അരവിന്ദ് പ്ലസ്ടു വിദ്യാർത്ഥിയാണ്. വൈദ്യുതി ഇല്ലാതെ രണ്ടു പേർക്കും ഓൺലൈൻ പഠനം തുടരാൻ സാധിച്ചില്ല. തൊട്ടടുത്ത വൈദ്യുതിയുള്ള വീടുകളിൽ നിന്ന് ഫോൺ റീചാർജ് ചെയ്താണ് കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയത്. കമ്മിഷനു ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 27ന് മുമ്പായി കുട്ടികൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കാൻ പീരുമേട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനിയർക്ക് കമ്മിഷൻ കർശന നിർദേശം നൽകി. കേസ് 30ന് കമ്മിഷൻ വീണ്ടും പരിഗണിക്കും.