 
കട്ടപ്പന: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ച് വീഡിയോ ചാറ്റ് വഴി നഗ്ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന യുവാവിനെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. തൂക്കുപാലം ബ്ലോക്ക് നമ്പർ 401 കല്ലുപറമ്പിൽ ആരോമലാണ് (22) പിടിയിലായത്. വിവിധ കാലയളവിലായി ഇരുപതിലധികം പെൺകുട്ടികൾ ഇയാളുടെ ഭീഷണിയ്ക്ക് ഇരയായെന്ന് പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഭീഷണിക്ക് ഇരയായി പീഡിപ്പിക്കപ്പെട്ട 21 കാരി ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരിട്ടും സമൂഹമാധ്യമങ്ങൾ വഴിയുമാണ് ഇയാൾ പെൺകുട്ടികളുമായി അടുപ്പത്തിലാകുന്നത്. ബന്ധം വളർത്തിയ ശേഷം ഫോൺ നമ്പർ വാങ്ങി രാത്രികാലങ്ങളിൽ വീഡിയോ കോൾ ചെയ്യുകയാണ് പതിവ്. വീഡിയോ കോളിൽ നിന്ന് നഗ്ന ചിത്രങ്ങൾ പകർത്തും തുടർന്ന് ഈ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ രീതി. ആരോമലിന്റെ ഫോണിൽ നിരവധി പെൺകുട്ടികളുമായുള്ള സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളും ഫോട്ടോകളും പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ്‌മോൻ, നെടുങ്കണ്ടം സി.ഐ വി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതി ആരോമലിനെ റിമാൻഡ് ചെയ്തു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് നെടുങ്കണ്ടം സി.ഐ അറിയിച്ചു.