 
കട്ടപ്പന: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം യാഥാർത്ഥ്യമായ പുളിയൻമല- കുട്ടിക്കാനം മലയോര ഹൈവേയുടെ രണ്ടാം ഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള ആദ്യ ഘട്ടം നിർമ്മാണം ത്വരിത ഗതിയിൽ നടക്കുമ്പോഴാണ് മേരികുളം മുതൽ നരിയംപാറ വരെയുള്ള 12.8 കിലോ മീറ്റർ ദൂരത്തിൽ 56 കോടിയുടെ പാർട്ട് ടെൻഡർ നടപടികൾ പൂർത്തീകരിച്ചത്. ചപ്പാത്ത് മുതൽ മേരികുളം വരെയുള്ള മേഖലയിൽ സ്ഥലം വിട്ട് കിട്ടുന്നതിന് ചില തടസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി കിഫ്ബിയിലെ എൻജിനീയറിംഗ് സംഘം വെള്ളിയാഴ്ച ഇവിടം സന്ദർശിച്ചിരുന്നു. ചപ്പാത്ത് മുതൽ മേരികുളം വരെയുള്ള അഞ്ച് കിലോമീറ്റർ സർവേ തിങ്കളാഴ്ച തുടങ്ങും. 25ന് മുമ്പ് സർവേ നടപടികൾ പൂർത്തിയാക്കി പ്രത്യേക സംഘം കിഫ്ബിക്ക് കൈമാറും. 2020 ഡിസംബർ 27നാണ് 168 കോടി രൂപ കിഫ്ബി അനുവദിച്ച മലയോര ഹൈവേയുടെ നിർമ്മാണം കുട്ടിക്കാനത്ത് നിന്ന് ആരംഭിച്ചത്. വീതി കൂട്ടൽ പ്രവർത്തനങ്ങൾ അവസാനിച്ചതോടെ ടാറിംഗും തുടങ്ങിക്കഴിഞ്ഞു. എന്നാൽ വീതി കൂട്ടിയ ചില സ്ഥലങ്ങളിലെ വൈദ്യുത പോസ്റ്റുകൾ കെ.എസ്.ഇ.ബി മാറ്റി സ്ഥാപിക്കാത്തതിനാൽ ടാറിംഗിന് തടസം നേരിടുന്നുണ്ട്. ഹൈവേയുടെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, ജില്ലയുടെ ചുമതലയുള്ള ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്ത ഉന്നത തല യോഗം തീരുമാനിച്ചിരുന്നു.
രണ്ടാം ഘട്ടം ഇങ്ങനെ
 മേരികുളം മുതൽ നരിയംപാറ വരെ
 12.8 കിലോ മീറ്റർ ദൂരം
 56 കോടിയുടെ ടെൻഡർ പൂർത്തിയായി