 
തൊടുപുഴ: ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റായി ഷൈൻ കെ. കൃഷ്ണനെ തിരഞ്ഞെടുത്തു. പാർട്ടി മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ്, എറണാകുളം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഷൈൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോതമംഗലത്ത് നിന്നുള്ള എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. ബി.എ ബിരുദധാരിയായ ഷൈൻ ശ്രീനാരായണ ധർമ്മ പ്രഭാഷകനും മികച്ച സംഘാടകനുമാണ്. ശബരിമല സമരകാലത്ത് വിശ്വാസ സംരക്ഷകർ നടത്തിയ പോരാട്ടങ്ങളുടെ മുൻനിരയിലുണ്ടായിരുന്നു. നിരവധി ജനകീയ വിഷയങ്ങൾ ഉയർത്തി ബി.ഡി.ജെ.എസും എൻ.ഡി.എയും നടത്തിയ സമരങ്ങളുടെ മുഖ്യ സംഘാടകനും പാർട്ടിയുടെ ജനകീയ മുഖവുമാണ്. ഇടത് യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പൊതുരംഗത്തെത്തിയത്. ശ്രീകുമാര ഭജന ദേവശ്വം ഭരണസമിതിയംഗം, എസ്.എൻ.ഡി.പി യോഗം 726-ാം ശാഖാ മുൻ ഭരണസമിതിയംഗം, സൈബർ സേന യൂണിയൻ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളാ ലൈസൻസ് സർവ്വേ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. മൂവാറ്റുപുഴ റാക്കാട് കട്ടയ്ക്കകത്ത് വീട്ടിൽ കെ.എൻ. കൃഷ്ണൻ- വിലാസിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശീതൾ ബാഗുൾ. അക്ഷയ് ഷൈൻ കൃഷ്ണ ഏക മകനാണ്.