തൊടുപുഴ: ഒമിക്രോൺ നിയന്ത്രണങ്ങൾക്കിടയിലും പുതുവർഷം അടിച്ചുപൊളിക്കാൻ ജനം തീരുമാനിച്ചതോടെ ഇടുക്കിയിലെ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം നിറഞ്ഞു. സംസ്ഥാനത്തിന് പുറത്ത് നിന്നടക്കം നിരവധി സഞ്ചാരികളാണ് ഇടുക്കിയിൽ അവധിക്കാലം ആഘോഷിക്കാൻ മുൻകൂർ ബുക്കിംഗ് നടത്തിയിരിക്കുന്നത്. മൂന്നാർ, വാഗമൺ, തേക്കടി എന്നിവിടങ്ങളിൽ വിരലിലെണ്ണാവുന്ന ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് ഒഴിവുള്ളത്. ഡിസംബർ,​ ജനുവരി മാസങ്ങളിലെ അതിശൈത്യ കാലാവസ്ഥയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇതോടെ അവസാന നിമിഷം മുറി തേടി എത്തുന്നവർക്ക് മനസിനിണങ്ങിയത് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഏറെ നാളത്തെ അടച്ചിരിപ്പിനു ശേഷം വരുന്ന ആഘോഷമായതിനാൽ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. ഇതോടെ അടിമാലി- മൂന്നാർ റോഡ്, കുമളി- തേക്കടി റോഡ്, കോട്ടയം- വാഗമൺ റോഡ് എന്നിവിടങ്ങളിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടുക്കി അണക്കെട്ടും മൂന്നാറും തേക്കടിയുമടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തേക്കടിയിൽ ബോട്ട് സവാരിക്കെത്തിയവർക്ക് ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങേണ്ടിവന്നത് പ്രതിഷേധത്തിനും ഇടയാക്കി. കൊവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി പ്രതിസന്ധിയിലായ തേക്കടി ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുന്നതാണ് സഞ്ചാരികളുടെ തിരക്ക്. തേക്കടി തടാകത്തിലെ ബോട്ട് സവാരിക്കൊപ്പം വനം വകുപ്പിന്റെ ഇക്കോ ടൂറിസം പരിപാടികളിലും സഞ്ചാരികൾ പങ്കെടുക്കുന്നുണ്ട്. മലയാളികൾക്ക് പുറമേ തമിഴ്‌നാട്, കർണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ളവരും മഞ്ഞും തണുപ്പും ആസ്വദിക്കാൻ എത്തിയിട്ടുണ്ട്.


നിരക്ക് കുത്തനെ ഉയർന്നു

ഡിമാൻഡ് വർദ്ധിച്ചതോടെ റിസോർട്ടുകളിലും ഹോട്ടലുകളിലും നിരക്കിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന നിരക്കിൽ നിന്ന് മൂവായിരം മുതൽ അയ്യായിരം രൂപയുടെ വരെ വർദ്ധനവാണ് പല റിസോർട്ടുകാരും വരുത്തിയിരിക്കുന്നത്. 5000 രൂപ നിരക്ക് പറഞ്ഞ അതേ റിസോർട്ടിൽ ഇപ്പോൾ റൂം നിരക്ക് 7000ത്തിന് മുകളിലാണ്. ഒരു പകലും രാത്രിയും ചിലവഴിക്കുന്നതിന് രണ്ടായിരം മൂതൽ മുപ്പതിനായിരം രൂപ വരെ ഈടാക്കുന്ന റിസോർട്ടുകൾ ജില്ലയിലുണ്ട്. ഒരു രാത്രിയും പിറ്റേ ദിവസത്തെ പ്രഭാത ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിന് ചുരുങ്ങിയത് 10,000 രൂപ നൽകണം. സ്വിമ്മിംഗ് പൂൾ സൗകര്യം ഉൾപ്പെടുമ്പോൾ ചാർജ് 13,​000 കടക്കും. നല്ല വ്യൂ ലഭിക്കുന്ന മുറി, സൈക്ലിംഗ്, പൂൾ, യോഗ എന്നിവ ചേരമ്പോൾ നിരക്ക് 30,000 എത്തും. ആയുർവേദ മസാജുകൾ വേണമെങ്കിൽ അധിക പണം നൽകണം.

ലാഭം ഓൺലൈൻ ബുക്കിംഗ്

ട്രാവൽ ഏജൻസികളിൽ നിന്നും ഡി.ടി.പി.സി വഴിയും ബുക്കിംഗ് നടക്കുന്നുണ്ട്. ഹോട്ടലുകളിൽ നേരിട്ടെത്തിയോ വിളിച്ചോ ബുക്ക് ചെയ്യുന്നതിലും ലാഭം വിവിധ ഓൺലൈൻ സൈറ്റുകളെ ആശ്രയിക്കുന്നതാണെന്ന് സ്ഥിരമായി യാത്ര ചെയ്യുന്നവർ സാക്ഷ്യപ്പെടുത്തുന്നു. ഓഫറുകൾ നൽകുന്നതിനാൽ കുറഞ്ഞ നിരക്കിൽ മുറികൾ ബുക്ക് ചെയ്യാം. യാത്ര ഒഴിവാക്കേണ്ടി വന്നാൽ പണം നഷ്ടപ്പെടാതെ തന്നെ മുറികൾ റദ്ദാക്കാനും സാധിക്കും.

നിയന്ത്രണങ്ങൾ മറക്കരുത്

രാത്രി 10മണിക്ക് ശേഷമുള്ള രാത്രികാല നിയന്ത്രണങ്ങൾ പുതുവത്സരാഘോഷത്തിന് നേരിയ മങ്ങലേൽപ്പിച്ചിട്ടുണ്ട്. ജനുവരി രണ്ട് വരെ രാത്രി കാല നിയന്ത്രണങ്ങൾ തുടരും. ആൾക്കൂട്ടം, രോഗ വ്യാപനത്തിനിടയാക്കുമെന്നതിനാൽ പുതുവത്സരാഘോഷങ്ങൾ രാത്രി 10ന് ശേഷം അനുവദിക്കില്ല. ഒമിക്രോൺ വകഭേദം, അടച്ചിട്ട സ്ഥലങ്ങളിൽ കൂടുതൽ വേഗത്തിൽ പടരാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കിയും കൃത്യമായ സാമൂഹിക അകലം പാലിച്ചും മാത്രമേ ഇൻഡോർ പരിപാടികൾ നടത്താൻ പാടുള്ളൂ.