തൊടുപുഴ: കൃഷി , തദ്ദേശവകുപ്പുകളുടെ തമ്മിലടി കാരണം പാവങ്ങൾക്ക് സൗജന്യമായി കിടപ്പാടമൊരുക്കുന്ന ഇടതുസർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്റെ പുതിയ അപേക്ഷകളുടെ പരിശോധന പാതിപോലും പൂർത്തിയാക്കാനായില്ല. ഉദ്യോഗസ്ഥരുടെ കുറവ് കാരണം അപേക്ഷകളുടെ പരിശോധന ജില്ലയിൽ ഇതുവരെ 40 ശതമാനം മാത്രമാണ് പൂർത്തിയായത്. രണ്ട് വകുപ്പുകൾ തമ്മിലുള്ള ചക്കളത്തി പോരാട്ടമാണ് പാവങ്ങൾക്ക് കിടപ്പാടം ലഭിക്കേണ്ട പദ്ധതിയെ അവതാളത്തിലാക്കുന്നത്. അപേക്ഷകളുടെ പരിശോധനയ്ക്ക് കൃഷി അസിസ്റ്റന്റുമാരെ വിട്ടുനൽകാനാവില്ലെന്ന് കൃഷിവകുപ്പ് ഉത്തരവിറക്കിയതാണ് പ്രതിന്ധിക്ക് കാരണം. ഇതുമൂലം പരിശോധനയ്ക്ക് വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണെന്ന് തദ്ദേശവകുപ്പും പറയുന്നു.
നവംബർ ഒന്നു മുതലാണ് പരിശോധന ആരംഭിച്ചത്. ഗുണഭോക്തൃ പട്ടികയുടെ കരട് ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഈ സമയത്തിനുള്ലിൽ 25 ശതമാനം പരിശോധന പോലും പൂർത്തിയായില്ല. ഇതോടെ ലൈഫ് മിഷൻ സർക്കാരിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ 20 വരെ തീയതി നീട്ടി നൽകി. എന്നാൽ വേണ്ടത്ര ആളില്ലാത്തതിനാൽ പരിശോധന മന്ദഗതിയിലായിരുന്നു. തുടർന്ന് പ്രശ്‌ന പരിഹാരത്തിനായി ചീഫ് സെക്രട്ടറി നടത്തിയ ചർച്ചയിൽ കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതുവരെ ഉത്തരവ് ഇറങ്ങാത്തതിനാൽ അവർ ഫീൽഡിൽ ഇറങ്ങിയിട്ടില്ല. ഇതോടെ 20നുള്ളിലും കരട് പ്രസിദ്ധീകരിക്കാനാകുമോയെന്ന ആശങ്കയിലാണ് ലൈഫ് മിഷൻ. കൃഷി അസിസ്റ്റന്റുമാർ പിൻമാറിയതോടെ ചിലയിടങ്ങളിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരും നിസഹകരണത്തിലായിരുന്നു. 58523 പേരാണ് ജില്ലയിൽ സ്വന്തമായി കിടപ്പാടമെന്ന സ്വപ്നവുമായി പട്ടികയിൽ ഉൾപ്പെടുന്നത് കാത്തിരിക്കുന്നത്.

കൃഷി വകുപ്പിന്റെ വാദമിങ്ങനെ

കൃഷി ഇതര ആവശ്യങ്ങൾക്ക് ഉദ്യോഗസ്ഥരെ നൽകാനാവില്ലെന്നായിരുന്നു കൃഷിവകുപ്പിന്റെ നിലപാട്. അപേക്ഷകൾ പരിശോധിക്കുന്നതിൽ പഞ്ചായത്ത് ജീവനക്കാരെ ഒഴിവാക്കി. ശരാശരി പത്ത് ജീവനക്കാരുള്ള പഞ്ചായത്ത് ഓഫീസുകളെ ഒഴിവാക്കിയപ്പോൾ നാലു പേർ മാത്രമുള്ള കൃഷി ഓഫീസിലെ എല്ലാ ജീവനക്കാരെയും പരിശോധനയ്ക്ക് നിയോഗിച്ചു. പരിശോധനയ്ക്ക് ഇറങ്ങിയാൽ കൃഷിനാശത്തിന്റെ കണക്കെടുപ്പ്, വിള ഇൻഷ്വറൻസ്, പി.എം കിസാൻ പദ്ധതി, ഒരു കോടി ഫലവൃക്ഷതൈകളുടെ വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നിലയ്ക്കുമെന്നും ജീവനക്കാർ പറയുന്നു.

പരിശോധന നടത്തേണ്ടവർ

ഐ.സി.ഡി.എസ് സൂപ്പർവൈസർ, വി.ഇ.ഒമാർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി,​ കൃഷി അസിസ്റ്റന്റുമാർ എന്നിവരാണ് അപേക്ഷരെ നേരിൽകണ്ട് പരിശോധന നടത്തേണ്ടത്.

ലൈഫ് മിഷൻ ജില്ലയിൽ

 ആകെ അപേക്ഷകർ- 58,​523

 വീടില്ലാത്ത അപേക്ഷകർ- 44702

 വീടും ഭൂമിയും ഇല്ലാത്തവർ- 13821

 പരിശോധന പൂർത്തിയായത്- 40 ശതമാനം

'കൃഷി അസിസ്റ്റന്റുമാരെ പരിശോധനയ്ക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങുമെന്നാണ് കരുതുന്നത്. അവർ കൂടിയുണ്ടെങ്കിൽ 20നകം അപേക്ഷകളുടെ പരിശോധന പൂർത്തിയാക്കാനായേക്കും."

-സാജു സെബാസ്റ്റ്യൻ (ലൈഫ് മിഷൻ പ്രോജക്ട് ഡയറക്ടർ)​