കുടയത്തൂർ: പുല്ലൂന്നുപാറ പുറവിളയിൽ കുട്ടിയമ്മയേയും (70) മാനസിക രോഗിയായ മകൻ ബിനു (35) വിനേയും കുട്ടിയമ്മയുടെ മരുമകൻ ഷിബു വീട്ടിൽ നിന്നും ഇറക്കിവിട്ടതായി കഞ്ഞാർ പൊലീസിൽ പരാതി. കുട്ടിയമ്മയുടെ മൂത്ത മകൾ ജസ്സിയുടെ പേരിലുള്ള വീട്ടിൽ നിന്നുമാണ് പെരുമ്പാവൂർ സ്വദേശിയായ മരുമകൻ ഷിബു വീട്ടിൽ നിന്നും ഇറക്കി വിട്ടതായി കുട്ടിയമ്മ കാഞ്ഞാർ പൊലീസിൽ പരാതി നൽകിയത്. കുട്ടിയമ്മയ്ക്ക് 3 മക്കളാണ് ഉള്ളത്. ഇതിൽ മൂത്തയാൾ ജെസി രണ്ട് വർഷം മുൻപ് വൃക്കരോഗം ബാധിച്ച് മരിച്ചു. ഒരു മകൾ ദീപ കുടുബസമേതം കുറുവിലങ്ങാടാണ് താമസം. മകൻ ബിനു മാനസിക രോഗത്തിന് ചികിത്സയിലുമാണ്. ജെസി മരിച്ചതോടെയാണ് മരുമകൻ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു. കുട്ടിയമ്മയും വിവിധ രോഗത്തിന് ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടിയമ്മയും മകനും തണുപ്പിൽ വീടിന്റെ വരാന്തയിലാണ് കിടന്നത്. വീടും സ്ഥലവും വാങ്ങിയപ്പോൾ ഒരു വിഹിതം നൽകിയിരുന്നതായി കുട്ടിയമ്മ പറഞ്ഞു. മലങ്കര എസ്റ്റേറ്റ് തൊഴിലാളിയായിരുന്ന കുട്ടിയമ്മ ജോലിയിൽ നിന്നും പിരിഞ്ഞപ്പോൾ കിട്ടിയ തുകക്കാണ് വീടും സ്ഥലവും വാങ്ങിയത്. മകളുടെ മരണശേഷമാണ് വീടിനും സ്ഥലത്തിനും അവകാശമില്ലായെന്ന് പറഞ്ഞ് മരുമകൻ രംഗത്ത് വന്നത്. തനിക്കും രോഗിയായ മകനും പോകാൻ മറ്റൊരു ഇടവുമില്ല. എഴുത്തും വായനയും അറിയാത്ത തന്നെ ആധാരത്തിൽ അവകാശം വെച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. മരുമകൻ പ്രശ്നമുണ്ടാക്കി വന്നപ്പോഴാണ് അവകാശം വെച്ചിട്ടില്ലായെന്ന് മനസിലായത് എന്നും കുട്ടിയമ്മ പറഞ്ഞു.എന്നാൽ വീടും സ്ഥലവും കുട്ടിയമ്മയുടെ പേരിലല്ലെങ്കിലും മരുമകൻ ഷിബുവിനോട് കുട്ടിയമ്മയേയും മകൻ ബിനുവിനേയും വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി കാഞ്ഞാർ എസ് ഐ ജിബിൻ തോമസ് പറഞ്ഞു. കുട്ടിയമ്മ വീടും സ്ഥലവും വാങ്ങാൻ പണം നൽകി എന്നതിന് അവരുടെ കൈയ്യിൽ തെളിവില്ല.അതിനാൽ പൊലീസിന് ഇടപെടാൻ പരിമിതിയുണ്ട്. എങ്കിലും സാദ്ധ്യയമായ എല്ലാ സഹായവും ചെയ്യുമെന്നും എസ് ഐ പറഞ്ഞു.