തൊടുപുഴ: ജില്ലയിലെ ആദിവാസി കുടികളിൽ വെളിച്ചമെത്തിക്കുന്നതിന് പദ്ധതി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായ സർവേ നടപടികൾക്ക് തുടക്കമായി. മറയൂർ, മാങ്കുളം, ഇടമലക്കുടി എന്നിവിടങ്ങളിലെ 750 ഓളം ആദിവാസി കുടുംബങ്ങൾക്ക് ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ഓരോ ഊര് തിരിച്ച് വൈദ്യുതി എത്താത്ത വീടുകളുടെ വിവരശേഖരണമാണ് സർവേയുടെ ലക്ഷ്യം. വനത്തിനുള്ളിലൂടെ പോസ്റ്റിട്ട് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലെന്നും ഏറെ തടസങ്ങൾ ഉണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സോളാർ വൈദ്യുതിയുടെ സാധ്യത പരാമവധി പ്രയോജനപ്പെടുത്താനാണ് പട്ടികവർഗ ക്ഷേമ വകുപ്പിന്റെയും വൈദ്യതി വകുപ്പിന്റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനം. സോളാർ എനർജി ഉപയോഗവുമായി ബന്ധപ്പെട്ട് കുടികളിലെ കുട്ടികൾക്കും യുവാക്കൾക്കുമടക്കം പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സോളാർ ഉപകരണങ്ങളുടെ തകരാർ പരിഹരിക്കലടക്കമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേട് വന്നാൽ അത് ഉപയോഗിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. വിദൂര ആദിവാസി കോളനിയിലടക്കം വൈദ്യതി എത്തിക്കുന്നതിന്‌ വൈദ്യുതി വകുപ്പ് നേരത്തേ പത്ത് കോടിയുടെ സോളാർ പദ്ധതിക്ക് രൂപം നൽകിയിരുന്നു. എന്നാൽ, പട്ടികവർഗ വകുപ്പോ എം.പി, എം.എൽ.എ ഫണ്ടുകളിൽ നിന്നോ പഞ്ചായത്തോ തുക അനുവദിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ. വീടുകളിൽ വൈദ്യുതി ഇല്ലാത്തത് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തെയടക്കം ബാധിച്ചിട്ടുണ്ട്. ആദിവാസി മേഖലകളിൽ തന്നെ ലൈൻ വലിച്ച് വൈദ്യുതി എത്തിക്കാവുന്ന കുറച്ചു വീടുകളുണ്ട്. ഇതിന് 85 ലക്ഷത്തോളം രൂപ ചിലവാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് പ്രദേശങ്ങളിൽ പുതുതായി നിർമിച്ച നൂറിൽ താഴെ വീടുകളിലും വൈദ്യുതി എത്താനുണ്ട്. വൈദ്യുതി കണക്ഷന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് പോസ്റ്റുകൾ എത്തുന്ന മുറയ്ക്ക് നൽകാനാണ് തീരുമാനമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. ബാക്കിയിടങ്ങളിലാകും സോളാർ വൈദ്യുതി എത്തിക്കാൻ സംവിധാനമൊരുക്കുക.

വൈദ്യുതി ഇല്ലാത്ത കുടികൾ

മറയൂർ പഞ്ചായത്തിലെ തായണ്ണൻകുടി, ആലാംപെട്ടി, മുളകാമുട്ടി, പുതുക്കുടി, ഇരുട്ടള, വെള്ളകല്ല്, കാന്തല്ലൂർ പഞ്ചായത്തിലെ ചമ്പക്കാട്, പാലപ്പെട്ടി

 വെളിച്ചമെത്താത്ത കുടുബങ്ങൾ- 750