ഇടുക്കി: ഇടമലക്കുടിക്കാരെ അവഹേളിച്ച എം.എം. മണി മാപ്പ് പറയണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി പറഞ്ഞു. മുതുവാൻ സമുദായം മാത്രം താമസിക്കുന്ന ഇടമലക്കുടിയിലെ ഗ്രാമവാസികളെ അധിക്ഷേപിക്കുക വഴി എം.എൽ.എ കൂടിയായ മണി ഒരു നിയമസഭാ സാമാജികന് വേണ്ട സാമാന്യ മര്യാദയാണ് ലംഘിച്ചത്. ബി.ജെ.പി ഒരു വാർഡിൽ ജയിച്ചതിന്റെ അഹിഷ്ണുതയാണ് പ്രസ്താവനയെങ്കിൽ അദ്ദേഹം ആ പദവിയിൽ ഇരിക്കാൻ അർഹനല്ല. ബി.ജെ.പി ഓട് പൊളിച്ചിറങ്ങിയതല്ല. ജനാതിപത്യ രീതിയിൽ മത്സരിച്ച് ജയിച്ചതാണ്. സ്ഥിര ബുദ്ധിയുള്ള ആരും ഇത്തരം പരാമർശം നടത്തില്ല. ഇടമലക്കുടിയിലെ ജനതയെ ആക്ഷേപിച്ച എം.എം. മണിക്കാണ് ബോധം ഇല്ലാത്തത്. കുടിവെള്ളമോ, വൈദ്യുതിയോ, അടച്ചുറപ്പുള്ള വീടോ ഇല്ലാത്ത, സഞ്ചാരയോഗ്യമായ വഴിയോ ഇല്ലാത്ത ഇടമലക്കുടിക്ക് എന്ത് വികസനമാണ് ഇവർ നടത്തിയതെന്ന് വൃക്തമാക്കണം. ഇടനിലക്കാരുടെ അഴിമതി മൂലം പലപ്പോഴും റേഷൻ മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ ഇടമലക്കുടിയിലുള്ളത്. 32 കിലോമീറ്റർ ദൂരെ മൂന്നാറിൽ എത്തണമെങ്കിൽ 6500 രൂപ വണ്ടിക്കൂലി കൊടുക്കേണ്ട സാഹചര്യം. പഞ്ചായത്ത് ആഫീസ് പോലും ഇടമലക്കുടിയിലല്ലാതെ ദേവികുളത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഒരു രോഗം വന്നാൽ രോഗിയെ മണിക്കൂറുകളോളം ചുമന്നു വേണം ആശുപത്രിയിൽ എത്തിക്കാൻ. ഫെൻസിംഗ് ഇല്ലാത്തതിനാൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആനയും കാട്ടുപോത്തും പോലുള്ള മൃഗങ്ങൾ കാരണം വീടിന് വെളിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.