 
മൂന്നാർ: മൂന്നാറിൽ പഞ്ചായത്തംഗങ്ങൾ കൂറുമാറിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ശവമഞ്ചവുമായി വിലാപയാത്രയും സംസ്‌കാരവും നടത്തി. കോൺഗ്രസ് അംഗമായ എം. രാജേന്ദ്രൻ മൂന്നാർ പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ ഇടതുപക്ഷത്തിനൊപ്പം ചേർന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഹൈറേഞ്ച് ക്ലബ്ബ് റോഡിലെ രാജേന്ദ്രന്റെ വീടിനു മുമ്പിൽ നിന്ന് ശവമഞ്ചവുമായി ടൗൺ വഴി പഴയ മൂന്നാറിലെത്തി പ്രതീകാത്മകമായി സംസ്‌കാരം നടത്തുകയായിരുന്നു. 11-ാം വാർഡിലെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. മൂന്നാർ പഞ്ചായത്ത് ഭരണം അട്ടിമറിക്കാൻ പഴയ മൂന്നാർ വാർഡ് അംഗം രാജേന്ദ്രനാണ് ചരട് വലിച്ചതെന്നാണ് യു.ഡി.എഫ് കണ്ടെത്തൽ. നടയാർ വാർഡ് അംഗം പ്രവീണ ഇടതിലേക്ക് മറുകണ്ടം ചാടിയതും രാജേന്ദ്രന്റെ സമ്മർദ്ദം മൂലമാണെന്നാണ് നേതാക്കൾ പറയുന്നത്. ഇതോടെയാണ് അദ്ദേഹം ജോലിചെയ്യുന്ന കമ്പനിയുടെ വർക് ഷോപ്പിലേക്കും ഇന്നലെ അദ്ദേഹത്തിന്റെ വീട്ടിലേക്കും വ്യത്യസ്തമായ സമരങ്ങൾ മുൻ എം.എൽ.എ എ.കെ. മണിയുടെ നേതൃത്വത്തിൽ പ്രവർത്തകർ സംഘടിപ്പിച്ചത്. കൈപ്പത്തിയിൽ നിന്ന് മത്സരിച്ച രാജേന്ദ്രൻ രാജിവെച്ച് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് കോൺഗ്രസ് പ്രദേശിക നേതാക്കളുടെ വാദം.
കോൺഗ്രസ് അംഗങ്ങളായ പ്രവീണയും രാജേന്ദ്രനും കൂറുമാറി എൽ.ഡി.എഫിനൊപ്പം ചേർന്നപ്പോൾ യു.ഡി.എഫിന് നഷ്ടമായത് ഒന്നരപതിറ്റാണ്ടായി ഒപ്പം നിൽക്കുന്ന പഞ്ചായത്താണ്. രണ്ട് ദിവസമായി അജ്ഞാത കേന്ദ്രത്തിലായിരുന്ന പ്രവീണയും രാജേന്ദ്രനും വോട്ടെടുപ്പിനായി എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇത് സംഘർഷത്തിലെത്തി. ഒടുവിൽ ലാത്തി വീശിയാണ് പൊലീസ് പ്രവർത്തകരെ ഓടിച്ചത്. അവിശ്വാസം പാസാകുമെന്ന് ഉറപ്പായതോടെ പ്രസിഡന്റ് മണിമൊഴി രാജിവച്ചു. ഇതോടെ പ്രസിഡന്റിനെതിരായ അവിശ്വാസപ്രമേയത്തിന്മേലുള്ള ചർച്ച ഉപേക്ഷിച്ചു. ഉച്ചയ്ക്ക് ശേഷം വൈസ് പ്രസിഡന്റ് മാർഷ് പീറ്ററിനെതിരായി നടന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് കോൺഗ്രസ് വിട്ടുനിന്നതോടെ എതിരില്ലാത്ത 12 വോട്ടിന് പ്രമേയം പാസായി. വികസനമുരടിപ്പിൽ നിന്ന് പഞ്ചായത്തിനെ മോചിപ്പിക്കാനാണ് എല്ലാം ചെയ്തതെന്നാണ് എൽ.ഡി.എഫിന്റെ വിശദീകരണം. പ്രവീണയ്ക്ക് പ്രസിഡന്റ് സ്ഥാനവും രാജേന്ദ്രന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനവും എൽ.ഡി.എഫ് വാഗ്ദാനം ചെയ്തതായാണ് വിവരം.