veedu
പെയ്ന്റ് ഉപയോഗിച്ച് വീടിന്റെ മുൻവശം ട്രാവലറിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്നു

കട്ടപ്പന : കൂലിപ്പണിക്കാരനായ കട്ടപ്പന പുഞ്ചിരിക്കവല തെറ്റിയാറയിൽ സതീഷ് ഒരു വാഹനപ്രേമിയാണ്. സ്വന്തമായി വാഹനവും ഉണ്ട്.എന്നാൽ വാഹനം വീട്ടിലെത്തിക്കാൻ പറ്റിയ വഴിയില്ല.ഇതിനായി പരിശ്രമിച്ചെങ്കിലും വിഫലമായി.ആഗ്രഹം സഫലമാക്കാൻ അവസാനം വീട് തന്നെ വാഹന രൂപത്തിലാക്കിയിരിക്കുകയാണ് അദ്ദ്‌ദേഹം. പെയ്ന്റ് ഉപയോഗിച്ച് വീടിന്റെ മുൻവശം ട്രാവലറിന്റെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.ഒറ്റനോട്ടത്തിൽ വാഹനം നിർത്തിയിട്ടിരിക്കുകയെന്നേ തോന്നു.വീടിന്റെ വാതിൽ വാഹനത്തിന്റെ മാതൃകയിൽ പെയ്ന്റ് ചെയ്‌തെടുത്തു. ഒപ്പം സൈഡ് വ്യൂ മിററും, നമ്പർ പ്ലേറ്റും വരച്ചെടുത്തു. വീട് വാഹനത്തിന്റെ രൂപത്തിലായതോടെ നാട്ടുകാർക്കും കൗതുകം .പുഞ്ചിരിക്കവലയിൽ വർഷങ്ങളായി കഴിയുന്ന സതീഷിനും കുടുംബത്തിനും പ്രധാന റോഡിൽ നിന്നും വീട്ടിലെത്തണമെങ്കിൽ കാൽ കിലോമീറ്റർ ഇടുങ്ങിയ വഴി നടക്കണം. ഇക്കാരണത്താൽ സ്വന്തമായുള്ള വാഹനം സുഹൃത്തുക്കളുടെ വീട്ട് മുറ്റത്താണ് പാർക്ക് ചെയ്യുന്നത്. എന്നെങ്കിലും വഴി സൗകര്യമുള്ള മറ്റൊരിടത്തേയ്ക്ക് മാറുകയെന്നതാണ് ഈ ചെറുപ്പക്കാരന്റെയും, ഭാര്യ ബിന്ദുവിന്റെയും ലക്ഷ്യം.ഏക പുത്രൻ അരോമലിന്റെ ആവശ്യപ്രകാരം വീടിന്റെ ഉള്ളിലും ചിത്രപ്പണികളുടെ കലവറ തന്നെയാണ് സതീഷ് ഒരുക്കിയിരിക്കുന്നത്. ഗുൽമോഹർ വൃക്ഷം മുതൽ ഡാകിനിയും, കുട്ടൂസനും വരെയാണ് ഭിത്തികളിൽ ഇടം പിടിച്ചിരിക്കുന്നത്. ചിത്രപ്പണികൾക്ക് പുറമേ ചില്ല് കുപ്പികൾ ഉപയോഗിച്ച് നിർമ്മിച്ച മതിൽക്കെട്ടും,കയർ ഉഞ്ഞാൽ തുടങ്ങിയവും സതീഷിന്റെ സൃഷ്ടികളാണ്.