 
തൊടുപുഴ: സ്വകാര്യ ബസ് സ്റ്റാൻഡിലേക്കെത്തുന്ന ബസുകളുടെ ശ്രദ്ധയ്ക്ക്, സൂക്ഷിച്ചില്ലെങ്കിൽ ഇരുമ്പ് കമ്പി കയറി ടയർ പൊട്ടും. തൊടുപുഴ കോതായിക്കുന്ന് ബൈപ്പാസിൽ നിന്ന് ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് പലയിടങ്ങളിലായി കോൺക്രീറ്റ് തകർന്ന് നിരവധി കമ്പികൾ പൊങ്ങി നിൽക്കുന്നത്. ഇവിടെ പത്ത് മീറ്ററോളം നീളത്തിൽ റോഡ് തകർന്ന് കുഴിയായി കിടക്കുകയാണ്. ഇതിന്റെ ഒരു വശത്തായാണ് കോൺക്രീറ്ര് കമ്പികൾ പൊങ്ങി നിൽക്കുന്നത്. ദിവസവും നൂറ് കണക്കിന് ബസുകൾ സർവീസ് നടത്തുന്ന സ്റ്റാൻഡാണിത്. പ്രൈവറ്റ് ബസുകൾ കൂടാതെ തൊടുപുഴ വഴി കടന്നു പോകുന്ന എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും സ്റ്റാൻഡിലെത്താറുണ്ട്. പരാതി പറഞ്ഞ് മടുത്തതായി ബസുടമകളും ജീവനക്കാരും പറയുന്നു. കമ്പിയിൽ കയറി ടയർ പൊട്ടിയാൽ നഗരസഭ നഷ്ടപരിഹാരം തരുമോയെന്നാണ് ബസുടമകൾ ചോദിക്കുന്നത്. ഏറെക്കാലമായി ശോചനീയാവസ്ഥയിലാണ് നഗരസഭയുടെ കീഴിലുള്ള ബസ് സ്റ്റാൻഡ്. നേരത്തെ നഗരസഭാ കെട്ടിടം ചോരുന്ന സംഭവം വാർത്തയായിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികളുയർന്നിട്ടും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല.