vazhoor

പാമ്പനാർ: സർക്കാർ സബ്‌സിഡിയോടെ യുവാക്കൾക്ക് ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് അവസരമൊരുക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ പറഞ്ഞു. പീരുമേട് നിയോജക മണ്ഡലം ഊർജകിരൺ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള എനർജി മാനേജ്മന്റ് സെന്റർ, സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, എൻകോൺ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പീരുമേട് ഗ്രാമപഞ്ചായത്ത് വനിതാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ. സുകുമാരി അദ്ധ്യക്ഷത വഹിച്ചു. ഇ.എം.സി റിസോഴ്സ്‌ പേഴ്‌സൺ സജോ ജോയ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. എസ്.എൻ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ സനൂജ് സി ബ്രീസ് വില്ല, ഊർജകിരൺ കോ- ഓർഡിനേറ്റർ സുകന്യമോൾ സുരേഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഓമന ശശി എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ചു 'ഗോ ഇലക്ട്രിക്ക്; കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി ഊർജ്ജസംരക്ഷണ സെമിനാർ, പ്രതിജ്ഞ, റാലി, സിഗ്നേച്ചർ കാമ്പയിൻ എന്നിവയും സംഘടിപ്പിച്ചു. ആർ.ഡി. അർജുൻരാജ്, ശരത് മോൻ പി.എസ്, ആദിത്യൻ പി.എസ്, ഷിജു എസ്, അനില സി.എസ് എന്നിവർ നേതൃത്വം നൽകി.