തൊടുപുഴ : വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം വൈദ്യുതി ലഭ്യമല്ലാത്തതിനാൽ മുടങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാണ്ടകമ്മീഷന്റെ ഇടപെടൽ. കോട്ടുമല എസ്റ്റേറ്റിലെ ഒന്നാം ഡിവിഷനിൽ നാലാം നമ്പർ എസ്റ്റേറ്റേറ്റ് ലയത്തിൽ വൈദ്യുതി കണക്ഷൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് കെ.എസ്.ഇ.ബി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ലയത്തിൽ താമസിക്കുന്ന രാമയ്യപാണ്ടി- ജയ ദമ്പതികളുടെ രണ്ട് മക്കളുടെ ഓൺലൈൻ വിദ്യാഭ്യാസം വൈദ്യുതിയില്ലാത്തതിനാൽ മുടങ്ങിയെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ അടിയന്തിര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയിരുന്നു. വൈദ്യുതിയില്ലാത്തതിനാൽ വിദ്യാഭ്യാസംമുടങ്ങിയെന്ന പരാതി ഗൗരവമായി കാണണമെന്ന് കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കെ.എസ്. ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ (പീരുമേട്) ഡിസംബർ 27 നകം കമ്മീഷനെ അറിയിക്കണം. കേസ് ഡിസംബർ 30 ന് പരിഗണിക്കും. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമി നൽകിയ പരാതിയിലാണ് നടപടി.