തൊടുപുഴ: നഗരത്തിൽ വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും തടസമായി പാതയോരങ്ങളിൽ പ്രവർത്തിച്ചിരുന്ന അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് ഒരു മാസം തികയും മുമ്പ് വീണ്ടും കച്ചവടം പുനരാരംഭിച്ചു. പൊളിച്ചുനീക്കിയ സ്ഥലത്ത് തന്നെയാണ് വീണ്ടും കച്ചവടം ഊർജിതമായി തുടങ്ങിയിരിക്കുന്നത്. സർക്കാർ ഓഫീസ് അവധി ദിവസമായ ഞായറാഴ്ച നോക്കിയാണ് മിക്കയിടത്തും തട്ടടിച്ച് കട ഒരുക്കിയത്. പഴയതിനേക്കാൾ വിപുലമായി തന്നെയാണ് കച്ചവടം. മങ്ങാട്ടുകവല കാഞ്ഞിരമറ്റം ബൈപാസ്, മങ്ങാട്ടുകവല സ്റ്റാൻഡിന് സമീപം, മുതലക്കോടം മാവിൻ ചുവട്, കാരിക്കോട് എന്നിവിടങ്ങളിലെല്ലാം വീണ്ടും അനധികൃത കച്ചവടം വീണ്ടും ആരംഭിച്ചു.

കഴിഞ്ഞ നവംബർ 22,​ 23 തീയതികളിലാണ് നഗരസഭ ആരോഗ്യവിഭാഗം, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുടെ സഹായത്തോടെ നഗരത്തിലെ അനധികൃത നഗരസഭ കച്ചവടക്കാരെ ഒഴിപ്പിച്ചത്. റോഡ് തടസപ്പെടുത്തിയുള്ള വഴിയോരക്കച്ചവടങ്ങൾ അപകടങ്ങൾക്കും തിരക്കിനും കാൽനടയാത്രക്കാർക്ക് തടസമാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ മുനിസിപ്പൽ ഗതാഗത ക്രമീകരണ യോഗത്തിന്റെ തീരുമാന പ്രകാരമാണ് വഴിയോര കച്ചവടങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. ആദ്യം നഗരസഭ നോട്ടീസ് നൽകിയപ്പോൾ ചിലർ സ്വയം ഒഴിഞ്ഞുപോയിരുന്നു. നോട്ടീസ് നൽകിയിട്ടും പൊളിച്ചു മാറ്റാത്ത ഷെഡുകളും മറ്റുമാണ് നഗരസഭാ അധികൃതർ നിർബന്ധമായി നീക്കം ചെയ്തത്. ദിവസങ്ങൾക്കകം പാതയോരങ്ങൾ കൈയേറി കച്ചവടം പുനരാരംഭിച്ചതിന് പിന്നിൽ അധികൃതരുടെ ഒത്താശയോടെയാണെന്ന ആക്ഷേപം ശക്തമാണ്. കൊവിഡ് കാലം മുതലാണ് നഗരത്തിൽ ഇത്രയധികം വഴിയോരക്കച്ചവടം വ്യാപകമായത്.

'നഗരത്തിൽ അനധികൃത കച്ചവടം വീണ്ടും പുനരാരംഭിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊലീസിനെ ഉപയോഗിച്ച് ഇവരെ ഒഴിപ്പിക്കാൻ നടപടിയെടുക്കും."

-മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്‌