ഉപ്പുതറ : ഉപ്പുതറയിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം പ്ലാസ്റ്റിക്ക് ശേഖരണത്തിൽ മാത്രമൊതുങ്ങുന്നില്ല. വീടുകൾക്കാവശ്യമായ സോപ്പും സോപ്പുപൊടിയുമെല്ലാം വീടുകളിലെത്തിക്കുകയാണ് സേന.
നാല് ഹരിതകർമ്മ സേനാംഗങ്ങൾ കുടുംബശ്രീ സംരംഭമായി രജിസ്റ്റർ ചെയ്ത തൊഴിൽ യൂണിറ്റാണ് തികച്ചും ജൈവമായി സോപ്പുൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്. ഹരിതകർമ്മ സേനയുടെ സേവനത്തിൽ നിന്നും ലഭിക്കുന്ന വരുമാനം ഒന്നിനും തികയാതെ വന്നതോടെയാണ് വായ്പയെടുത്ത് ജീവിതമാർഗ്ഗമെന്ന നിലയിൽ തൊഴിൽ യൂണിറ്റ് തുടങ്ങിയത്.
സോപ്പ്, സോപ്പുപൊടി, ലിക്വിഡ് സോപ്പ്,സ്റ്റാർച്ച്, ഡിസ്ഇൻഫക്ടെന്റ്,കുളി സോപ്പ്് തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് ഇവരുടെ ഗ്രീൻ ലാന്റ് യൂണിറ്റ് നിർമ്മിക്കുന്നത്.മറ്റ് വാർഡുകളിൽ ഹരിത സേനാംഗങ്ങളിലൂടെ കമ്മീഷൻ വ്യവസ്ഥയിൽ ഉത്പ്പന്നങ്ങൾ വിറ്റഴിക്കുന്നുമുണ്ട്.
കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളായതിനാൽ ഇപ്പോൾ ആളുകൾ ചോദിച്ചു വാങ്ങുന്നുണ്ടെന്ന്
യൂണിറ്റ് സെക്രട്ടറി ജിബി രവി പറഞ്ഞു. അൽഫോൻസാ സെബാസ്റ്റിയൻ, രാജി മണികണ്ഠൻ, അമ്പിളി ബിനോയി എന്നിവരൊത്തു ചേർന്നാണ് സോപ്പുൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. സംരംഭത്തിന്റെ ഉദ്ഘാടനം കുടുംബശ്രീ ചെയർപേഴ്‌സൺ ബിന്ദു സജീവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ജേക്കബ് നിർവഹിച്ചു.വൈസ് പ്രസിഡന്റ് സിനി ജോസഫ് അദ്യ വിൽപ്പന നിർവഹിച്ചു.