 
കട്ടപ്പന:പീരുമേട് ടീ കമ്പനിയുടെ അധീനതയിലുള്ള ലോൺട്രി ഫാക്ടറിയിൽ നിന്ന് യന്ത്രങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച ചീന്തലാർ സ്വദേശി അറസ്റ്റിൽ. കാറ്റാടിക്കവല മലക്കരവീട്ടിൽ ബിനു(36)വിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇയാളുടെ ഒപ്പം ഉണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ബിനുവും കൂട്ടാളിയും ഫാക്ടറിയിൽ കടന്ന് കയറിയത്. തുടർന്ന് ഫാക്ടറിക്കുള്ളിൽനിന്ന് റോളർ അടക്കമുള്ള യന്ത്രങ്ങൾ പുറത്തെത്തിച്ച് ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. ഈ സമയം കൂടെയുണ്ടായിരുന്നയാൾ തേയിലത്തോട്ടത്തിലൂടെ കടന്നു കളഞ്ഞു.കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കൊളുന്ത് യന്ത്രങ്ങളും ഓട്ടോറിക്ഷയും ഉപ്പുതറ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പതിറ്റാണ്ടായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ ലോൺട്രി ഫാക്ടറിയിൽ ഇതിന് മുൻപ് പല തവണ മോഷണം നടന്നിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.