കാഞ്ഞാർ: ഇലവീഴാപൂഞ്ചിറയ്ക്ക് സമീപം ചക്കിക്കാവ് മലനിരകളിൽ നീലക്കുറിഞ്ഞി പൂവിട്ട പ്രദേശം തീ പിടിത്ത ഭീഷണിയിൽ. മഴ മാറി വേനൽ ആരംഭിച്ചതോടെ ഈ പ്രദേശത്ത് തീപിടിത്തം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സ്ഥിരമായി വേനൽക്കാലത്ത് തീപിടിത്തം ഉണ്ടാകുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി പൂവിട്ടത്. സമുദ്രനിരപ്പിൽ നിന്നും 1200 അടിയ്ക്ക് മുകളിലാണ് സാധാരണനീലക്കുറിഞ്ഞി പൂ വിടാറുള്ളത്. എന്നാൽ സമുദ്രനിരപ്പിൽ നിന്നും 900 അടിയോളം ഉയരമുള്ള ഭാഗത്ത് നീലക്കുറിഞ്ഞി പൂവിട്ടത് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രദേശത്ത് സുരക്ഷയൊരുക്കാനോ നീലക്കുറിഞ്ഞി പൂക്കൾ സംരക്ഷിക്കാനോ ഉള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ല.സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിൻ്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് അധികൃതർ പൂക്കൾ നശിപ്പിക്കരുത് എന്ന ബോർഡ് പ്രദേശത്ത് സ്ഥാപിച്ചിരുന്നു. പൂവിട്ടതിലും കൂടുതൽ അളവിൽ ഇനിയും സീസണിൽ പൂക്കുവാനുള്ള സാദ്ധ്യത ഏറെയുണ്ടെന്ന് പ്രദേശം സന്ദർശിച്ച വിദഗ്ദ്ധർ അഭിപ്രായപ്പെട്ടിരുന്നു. വേനൽ കൂടുന്നതോടെ പ്രദേശത്ത് തീപിടിത്ത സാദ്ധ്യത ഏറെയാണ്. തീപിടുത്തം ഉണ്ടായാൽ പ്രദേശത്തെ നീലക്കുറിഞ്ഞി തൈകൾ പൂർണ്ണമായും നശിക്കും. വിനോദ സഞ്ചാര മേഖലയ്ക്ക് ഏറെ ഗുണം കിട്ടുന്നതാണ് നീലക്കുറിഞ്ഞിയുടെ സാന്നിദ്ധ്യം. ഇതിൻ്റെ പ്രാധാന്യം മനസിലാക്കി സംരക്ഷിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.