നെടുങ്കണ്ടം: കുഴിപ്പെട്ടിയിൽ പനി ബാധിച്ച് മൂന്നര വയസുകാരൻ മരിച്ചു. മണലിൽ ആദിത്യനാണ് മരിച്ചത്. പിതാവ് നേരത്തെ ഉപേക്ഷിക്കുകയും മാതാവ് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുമായതിനാൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായിരുന്നു കുട്ടി വളർന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആദിത്യന് പനിയാണെന്ന് പറഞ്ഞ് അപ്പൂപ്പനും അമ്മൂമ്മയും തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തി മരുന്ന് വാങ്ങിച്ചിരുന്നു. ശനിയാഴ്ച പനി, ശർദ്ദി കൂടുതലാണെന്ന് പറഞ്ഞ് ഇവർ കുട്ടിയുമായി വീണ്ടും ആശുപത്രിയിൽ എത്തി. എന്നാൽ ഈ സമയം പനി ഉണ്ടായിരുന്നില്ലെന്നും ഊർജസ്വലനായാണ് കുട്ടി പെരുമാറിയതെന്നുമാണ് സ്വകാര്യ ആശുപത്രി ഡോക്ടർ ആരോഗ്യ വകുപ്പിന് നൽകിയ വിവരം. തിങ്കളാഴ്ച വൈകിട്ട് ആദിത്യനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പനിയും ശർദ്ദിയും കൂടിയ കാരണമാണ് ആശുപത്രിയിൽ എത്തിച്ചതെന്നാണ് അപ്പൂപ്പനും അമ്മൂമ്മയും പറയുന്നത്. എന്നാൽ മരിച്ച നിലയിലാണ് എത്തിച്ചതെന്നാണ് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനും പൊലീസിനും നൽകിയ വിവരം. മൃതദേഹം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്. മൃതദേഹം ഇവിടെ ഏൽപ്പിച്ച ശേഷം കുടുംബാംഗങ്ങൾ തിരികെ മടങ്ങിയെന്നും രാത്രിയിൽ ആശുപത്രി അധികൃതരാണ് കാവൽ നിന്നതെന്നും പറയുന്നു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതകളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. പനി കൂടി ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടായതാണ് മരണകാരണം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.