കുമളി: വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാലിന്റെ നേതൃത്വത്തിൽ കുമളി വ്യാപാര ഭവനിൽ നടത്തിയ മേഖലാ സിറ്റിംഗിൽ 35 പരാതികൾ പരിഗണിച്ചു. ഇതിൽ 14 പരാതികൾ തീർപ്പാക്കുകയും, 20 കേസുകൾ അടുത്ത ഹിയറിംങ്ങിലേക്ക് മാറ്റുകയും, ഒരെണ്ണത്തിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. കുടുംബ പ്രശ്‌നങ്ങൾ, അയൽവാസികൾ തമ്മിലുള്ള തർക്കങ്ങൾ, സാമ്പത്തികവുമായി ബന്ധപ്പെട്ട പരാതികൾ, വസ്തു സംബന്ധമായ പരാതികൾ തുടങ്ങിയ പരാതികളാണ് സിറ്റിങിൽ വന്നത്. കമ്മീഷന് പരിഹരിക്കാൻ പറ്റാത്ത പരാതികളുമായി എത്തിയവരെ വ്യക്തമായ നിയമോപദേശം നൽകിയാണ് മടക്കിയത്. ഇതോടൊപ്പം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിനായി ലീഗൽ സർവീസ് അതോറിറ്റിക്ക് ശുപാർശയും നൽകിയിട്ടുണ്ടെന്ന് ഷാഹിദാ കമാൽ പറഞ്ഞു.