
കട്ടപ്പന :നഗരസഭയിലെ ഭരണപ്രതിസന്ധിയ്ക്ക് പ്രധാന കാരണമായി മാറിയ അനധികൃത നിയമനം നഗരസഭാഗംങ്ങളുടെ പിരിച്ചുവിടലിലേയ്‌ക്കെന്ന് സൂചന.മുൻ താത്കാലിക ജീവനക്കാരനായിരുന്ന വിനേഷ് ജേക്കബിനെ നിയമിക്കാൻ മുൻസിപ്പൽ ചട്ടങ്ങൾ മറി കടന്നാണ് ഭരണ സമിതി അംഗങ്ങൾ തസ്തിക സൃഷ്ടിച്ചതെന്നും,ഇത് വഴി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ജീവനക്കാരന് ശമ്പളം നൽകാനായി ലക്ഷങ്ങൾ ചിലവാക്കിയിട്ടുണ്ടെന്നും സെക്രട്ടറി എസ് ജയകുമാർ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.കേരളത്തിലെ നഗരസഭകളിൽ സെമിത്തേരി വാച്ചർ, സ്‌നേക്ക് ക്യാച്ചർ, വാർഡൻ മുതലായ ചില പ്രത്യേക തസ്തികൾ ഉണ്ടായിരുന്നത് 1999 ലെ ഉത്തരവ് പ്രകാരം ഇല്ലാതാക്കിയിരിക്കുന്നു. ഇത്തരം പ്രത്യേകം തസ്തികളെല്ലാം കണ്ടിജന്റ്,സാനിട്ടറി വർക്കേഴ്‌സിനായി നിജപ്പെടുത്തിയാണ് ഉത്തരവിറക്കിയത്.ഈ നിയമത്തെ തള്ളിയാണ് കട്ടപ്പന നഗരസഭയിൽ ''എന്റെ നഗരം സുന്ദര നഗരം '' പദ്ധതിയുടെ കോ ർഡിനേറ്റർ, സ്ലോട്ടർ ഹൗസ് വാച്ചർ എന്നീ തസ്തികൾ കൃത്രിമമായി സൃഷ്ടിച്ച് വിനീഷിനെ നീയമിച്ചതെന്നാണ് സെക്രട്ടറിയുടെ റിപ്പോർട്ട്.ഇല്ലാത്ത തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനത്തിൽ ഒപ്പിട്ട കൗൺസിൽ അംഗങ്ങളെ മുൻസിപ്പൽ ആക്ട് 64 പ്രകാരം അയോഗ്യരാക്കണമെന്നും റിപ്പോർട്ടിൽ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ബി ജെ പി കൗൺസിലർ തങ്കച്ചൻ പുരയിടത്തിന്റെ പരാതിയിൽ യു.ഡി.എഫ് ഭരണസമിതി അംഗങ്ങളായ കൗൺസിലർമാർക്കെതിരെയാണ് ഓംബുംഡ്‌സ്മാൻ പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.നഗരസഭാ സെക്രട്ടറി എസ് ജയകുമാറിന് ലഭിച്ച പരാതി ഓംബുംഡ്‌സ്മാന് കൈമാറുകയായിരുന്നു.
ഒപ്പിടാതെ വിയോജിച്ചത് യു ഡി എഫിലെ ജാൻസി ബേബിയും ,പ്രതിപക്ഷവും
34 അംഗ കൗൺസിലിൽ ഇടതുപക്ഷത്തിന്റെയും ബി.ജെ.പിയുടെയും അംഗങ്ങൾക്ക് പുറമേ കേരള കോൺഗ്രസ് ജോസഫ് പ്രതിനിധിയായ ജാൻസി ബേബിയും വിനേഷിന്റെ നിയമനത്തിനെതിരെ വിയോജനക്കുറിപ്പ് നൽകി.എന്നാൽ എതിർപ്പ് മറികടന്നാണ് ഭരണസമിതി വിനേഷ് ജേക്കബിനെ സ്ലോട്ടർ ഹൗസ് വാച്ച്മാനായി നിയമിച്ചത്.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ തസ്തികയിലായിരുന്നു വിനേഷിന്റെ നിയമനം. പിന്നീട് പി.എസ് .സി നിയമനം വഴി പുതിയ ജെ.എച്ച് .ഐ എത്തിയതോടെ തസ്തിക ഒഴിയേണ്ടി വന്നു. തുടർന്നാണ് ഇദ്ദ്‌ദേഹത്തിന് ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് നഗരസഭയിൽ തുടരുവാൻ കൗൺസിൽ അനുമതി നൽകിയത്. എന്നാൽ നഗരസഭാ അദ്ധ്യക്ഷയ്ക്കടക്കം കൗൺസിലിന്റെ ഈ തീരുമാനത്തിൽ വിയോജിപ്പ് ഉണ്ടായിരുന്നു. പക്ഷേ മുന്നണിയുടെ തീരുമാനം കൗൺസിലിന് നടപ്പാക്കേണ്ടി വന്നു.
സെക്രട്ടറി ബലമായി പിടിച്ച് പുറത്താക്കിയ ജീവനക്കാരൻ
അനധികൃതമായിട്ടാണ് ജോലിയിൽ തുടരുന്നതെന്ന കാരണത്താൽ കഴിഞ്ഞ ഒക്ടോബർ 10 ന് വിനേഷിനെ സെക്രട്ടറി ഇരിപ്പടത്തിൽ നിന്നും ബലമായി പുറത്താക്കിയത് വിവാദമായിരുന്നു.സെക്രട്ടറി മർദ്ദിച്ചുവെന്നാരോപിച്ച് ജീവനക്കാരൻ ആശുപത്രിയിൽ ചികിത്‌സയും തേടി. നിയമിതനായി എത്തുന്നതിന് മുൻപ് തന്നെ സെക്രട്ടറി ജയകുമാറിനെതിരെ പ്രമേയം പാസാക്കാൻ കാത്ത് നിന്നിരുന്ന യു ഡി എഫ് അംഗങ്ങൾ ഈ വിഷയത്തിലൂടെ തുറന്ന പോരിലേയ്ക്കും കടന്നു.തുടർച്ചയായി മാറ്റി വെച്ച കൗൺസിൽ യോഗങ്ങൾക്ക് ശേഷം രണ്ടാഴ്ച മുമ്പ് ചേർന്ന യോഗം സെക്രട്ടറി ഗോഷ്ടി കാണിച്ചെന്നാരോപിച്ച് ചേരാനാവാതെ അലസി പിരിഞ്ഞതും ശീതയുദ്ധത്തിന്റെ മറ്റൊരു മുഖമാണ്.
സർക്കാരിന്റെ ഉത്തരവില്ലാതെ തസ്തിക സൃഷ്ടിച്ചത് വഴി അയോഗ്യത ഏകദേശം ഉറപ്പിച്ച മട്ടിലാണ് യു ഡി എഫിലെ ചില അംഗങ്ങൾ .ഓംബുഡ്‌സ്മാൻ അന്വേഷണത്തെ വജ്രായുധമാക്കി മാറ്റി കൂടുതൽ പ്രതിഷേധ പരിപാടികളിലേയ്ക്ക് കടക്കാനാണ് പ്രതിപക്ഷ കക്ഷികളുടെയും നീക്കം.