
തൊടുപുഴ: വിവിധ പരമ്പരകളിലുള്ള നാല് അക്കങ്ങളിൽ അവസാനിക്കുന്ന ഒരേ നമ്പർ ലോട്ടറി ടിക്കറ്റുകൾ സെറ്റാക്കി വിൽപന നടത്തുന്ന പ്രവണത ജില്ലയിലും വ്യാപകമാകുന്നു. ഇത് തടയിടാൻ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ഭാഗ്യക്കുറി വകുപ്പ്. ഒരേ നമ്പറിൽ 12 സീരീസിലുള്ള ലോട്ടറി ടിക്കറ്റാണ് സർക്കാർ അടിച്ചിറക്കുന്നത്. എന്നാൽ, അവസാന നാലക്കങ്ങൾ ഒരേ നമ്പറായ 12 മുതൽ 72 വരെ ടിക്കറ്റുകൾ ഒറ്റ സെറ്റായി നൽകിയാണു വിൽപന നടക്കുന്നത്. 12 ടിക്കറ്റിലധികം ഒരാൾ സെറ്റായി വിൽക്കുന്നത് നിയമ വിരുദ്ധമാണ്. എല്ലാ ജില്ലയിലും ഇത്തരം വില്പന വ്യാപകമാണെന്ന് ലോട്ടറി ഇന്റേണൽ വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. അന്യസംസ്ഥാന ലോട്ടറി മാഫിയയാണ് ഇതിനു പിന്നിലെന്ന് അധികൃതർ പറയുന്നു. പരിചയക്കാർക്ക് മാത്രമാണ് സെറ്റ് ടിക്കറ്റുകൾ ലഭിക്കൂ. മറ്റു ജില്ലകളിൽ നിന്നു ലോട്ടറി എത്തിച്ച് സെറ്റാക്കിയും വില കുറച്ചും വിൽക്കുന്ന ഏജന്റുമാരുണ്ട്. ഇത്തരം ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാൽ നികുതിയും നൽകേണ്ട. തുക വലുതായാലും 10,000 രൂപയിൽ താഴെയുള്ള പല ടിക്കറ്റുകളായിരിക്കുമെന്നതാണ് കാരണം. ഞായർ ഒഴികെ എല്ലാ ദിവസവും കേരള ലോട്ടറിയുടെ 94,20,000 ടിക്കറ്റുകളാണ് വിവിധ പേരുകളിൽ വില്പനയ്ക്കെത്തുന്നത്. ഇതിൽ ഭൂരിഭാഗവും സെറ്റാക്കിയാണ് കച്ചവടം.
ഇത്തരം ടിക്കറ്റുകൾക്ക് കൂടുതൽ വില ഈടാക്കുന്നതായും പരാതിയുണ്ട്. നാലക്ക നമ്പർ ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ടിക്കറ്റുകൾ സെറ്റാക്കി വിൽപന നടത്തരുതെന്ന് ലോട്ടറി ഡയറക്ടർ നേരത്തേ ഉത്തരവിറക്കിയിരുന്നു. 72 പേർക്ക് ലഭിക്കേണ്ട സമ്മാനം ഒരു സെറ്റാക്കി വിൽക്കുന്നതു മൂലം ഒരാൾക്ക് മാത്രമായി ലഭിക്കുന്ന സാഹചര്യം ലോട്ടറിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നു ലോട്ടറി ഏജന്റുമാർ തന്നെ ചൂണ്ടിക്കാട്ടുന്നു.
കരിങ്കുന്നത്തെ ലോട്ടറികടയിൽ സെറ്റ് വിൽപ്പന കണ്ടെത്തി
ലോട്ടറി ടിക്കറ്റുകൾ നമ്പറിന്റെ അവസാനത്തെ നാലക്കം ഒരേ രീതിയിൽ വരുന്ന വിധം സെറ്റാക്കി വിൽക്കുന്നത് നിയന്ത്രിക്കാൻ കേരള ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായി ജില്ലയിൽ നടത്തിയ റെയ്ഡിൽ ഒരു കടയിൽ ക്രമക്കേട് കണ്ടെത്തി. ഇന്നലെ രാവിലെ ജില്ലാ ഭാഗ്യക്കുറി ഓഫീസർ ലിസിയാമ്മ ജോർജിന്റെ നേതൃത്വത്തിൽ കരിങ്കുന്നം മേഖലയിൽ നടത്തിയ പരിശോധനയിലാണ് അനധികൃത സെറ്റ് വിൽപ്പന പിടികൂടിയത്. കരിങ്കുന്നം മേഖലയിലെ കടകളെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ആദ്യപടിയെന്ന നിലയിൽ ലോട്ടറി കടക്കാരന് കാരണംകാണിക്കൽ നോട്ടീസ് നൽകും. ഇത്തരം പ്രവർത്തനം നടത്തുന്ന ഏജന്റുമാരുടെ എജൻസി റദ്ദാക്കുന്നതിന് വേണ്ടി സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറോട് ശുപാർശ ചെയ്യുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. പൊലീസ് സേനയുടെയും ജി.എസ്.ടി വകുപ്പിന്റെയും സഹായത്തോടെ പരിശോധനകൾ കൂടുതൽ നടത്താനും കുറ്റക്കാർക്കെതിരെ ലോട്ടറി റെഗുലേഷൻ റൂൾസ് പ്രകാരം നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കരിങ്കുന്നം എസ്.എച്ച്.ഒയുടെ സഹായത്തോടെ അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ, സീനിയർ ക്ലാർക്കുമാരായ ഷാൻ സോമൻ, ഡിസൂസ് ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
പൊതുജനങ്ങൾക്കും വിവരം നൽകാം
സെറ്റ് ലോട്ടറി വിൽപ്പന നടക്കുന്നത് ശ്റദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാം. ടോൾ ഫ്രീ നമ്പർ: 18004258474.