
ഇടുക്കി: പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കുകയെന്നത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും, സി.പി.എം വിട്ട് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെക്കുറിച്ച് തത്കാലം ആലോചിക്കുന്നില്ലെന്നും ദേവികുളം മുൻ എം.എൽ.എ എസ് .രാജേന്ദ്രൻ പറഞ്ഞു.
മറയൂർ ഏരിയാ സമ്മേളനത്തിൽ പ്രസംഗിക്കുന്നതിനിടെ, രാജേന്ദ്രനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് മുൻ മന്ത്രി എം.എം.മണി പറഞ്ഞതിനെപ്പററി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായം പറയേണ്ടിയിരുന്നത് സമ്മേളനവേദിയിലായിരുന്നോ പാർട്ടി ഘടകത്തിലായിരുന്നോയെന്ന് എം.എം. മണി പരിശോധിക്കട്ടെ. പാർട്ടിയോട് പറയേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പാർട്ടിയെ അനുസരിച്ച് നിൽക്കണമെന്നത് അവരുടെ അഭിപ്രായമാണ്. പാർട്ടിക്ക് നൽകിയ കത്തിൽ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനാലാണ് പാർട്ടി സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. താൻ പാർട്ടി വിടുമെന്ന് ആരോടും പറഞ്ഞിട്ടില്ല. ഇനി പാർട്ടി പുറത്താക്കിയാലും 40 വർഷമായുള്ള തന്റെ പ്രവർത്തനവും ചിന്തയും ഇല്ലാതാക്കാനാവില്ലെന്നും രാജേന്ദ്രൻ പറഞ്ഞു.