തൊടുപുഴ: സമൂഹ മാദ്ധ്യമത്തിൽ വന്ന പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ബസിൽ നിന്ന് വലിച്ചിറക്കി മക്കളുടെ മുന്നിലിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ഒരു എസ്.ഡി.പി.ഐ പ്രവർത്തകനെ കൂടി തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം പ്ലാമൂട്ടിൽ ഷാനവാസിനെയാണ് (37)​ തൊടുപുഴ ഡിവൈ.എസ്.പി കെ. സദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം തൂക്കുപാലം സ്വദേശിയായ ഇയാൾ ഒരു വർഷമായി വണ്ണപ്പുറത്താണ് താമസം. കലാപമുണ്ടാക്കൻ ശ്രമം, പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം, സംഘം ചേർന്ന് മർദ്ദിക്കൽ തുടങ്ങിയ വകുപ്പുകളാണ് ഇയാളുടെ മേൽ ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മൂന്നിനാണ് വണ്ണപ്പുറം മുള്ളരിങ്ങാട് താന്നിക്കൽ മനുസുദന് (40) ബസ് യാത്രയ്ക്കിടെ തൊടുപുഴയ്ക്ക് സമീപം വച്ച് മർദനമേറ്റത്. പട്ടികവർഗ വിഭാഗക്കാരനായ മനു ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്. മനു മക്കൾക്കൊപ്പം തൊടുപുഴയ്ക്ക് യാത്ര ചെയ്യുന്നതിനിടെ മങ്ങാട്ടുകവലയിൽ വച്ച് ബസ് തടഞ്ഞ് നിറുത്തി വലിച്ചിറക്കി 10 ഉം 12 ഉം വയസുള്ള മക്കളുടെ മുന്നിൽ വച്ച് മർദിക്കുകയായിരുന്നു. കേസിൽ ആകെ 12 പ്രതികളാണുള്ളത്. കേസിൽ ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്. ബാക്കിയുള്ളവർക്കായുള്ള തിരച്ചിലിലാണെന്ന് പൊലീസ് പറഞ്ഞു. മതസ്പർദ്ധ വളർത്തിയതിന് മനുവിനെതിരെയും കാളിയാർ പൊലീസിൽ കേസുണ്ട്.