തൊടുപുഴ: തൊടുപുഴ നഗരസഭയിൽ നടപ്പിലാക്കാൻ പോകുന്നതും ഒരുപാട് ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിരിക്കുന്ന മാസ്റ്റർ പ്ലാനിൽ നിന്ന് യു.ഡി.എഫിന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് സി.പി.ഐ തൊടുപുഴ ലോക്കൽ കമ്മിറ്റി വ്യക്തമാക്കി. യു.ഡി.എഫ് ഭരണകാലത്താണ് മാസ്റ്റർ പ്ലാനിന്റെ എല്ലാ വിധ ഏർപ്പാടുകളും നടന്നത്. വളരെ വ്യക്തമായ ഒരു പ്ലാൻ നഗരസഭയിൽ ഉണ്ടായിരുന്നിട്ടും ഒട്ടും പ്രായോഗമല്ലാത്ത വിധത്തിൽ ലക്ഷങ്ങൾ മുടക്കി പുതിയ ഏജൻസിയെക്കൊണ്ട് വിചിത്രമായ പ്ലാൻ രൂപകൽപ്പന ചെയ്യിപ്പിച്ചത് യു.ഡി.എഫാണ്. ഈ പ്ലാനിനെക്കുറിച്ച് പഠിക്കുന്നതിനും അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനുമായി രൂപീകരിച്ച സബ്ബ് കമ്മറ്റിയിൽ 11ൽ 9 പേരും യു.ഡി.എഫിലെ അറിയപ്പെടുന്ന നേതാക്കളായിരുന്നു. യു.ഡി.എഫ് മുൻസിപ്പൽ ഭരണത്തിന്റെ അവസാന നാളുകളിൽ എടുത്ത തീരുമാനത്തിന്റെ ദുരന്തമാണ് ഇന്ന് നഗരസഭയിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ഇപ്പോൾ മാസ്റ്റർ പ്ലാനിന്റെ ഉത്തരവാദിത്വം പൂർണമായി എൽ.ഡി.എഫിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നേതാക്കൾ സ്വീകരിച്ചുവരുന്നത്. മാസ്റ്റർ പ്ലാനിന്റെ അപാകതകൾ പരിഹരിക്കുക, മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഉണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.ഐയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30ന് തൊടുപുഴ മുൻസിപ്പൽ ആഫീസിന് മുമ്പിൽ നടക്കുന്ന കൂട്ട ധർണ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ ഉദ്ഘാടനം ചെയ്യും.
സി.പി.ഐ താലൂക്ക് സെക്രട്ടറി പി.പി. ജോയി, മുഹമ്മദ് അഫ്‌സൽ, വി.ആർ. പ്രമോദ്, പി.ജി. വിജയൻ, സുനിൽ സെബാസ്റ്റ്യൻ, ഗീത തുളസീധരൻ, അഡ്വ. എബി ഡി. കോലോത്ത്, എൻ. ശശിധരൻ നായർ, പി.എസ്. സുരേഷ്, ഇ.കെ. അജിനാസ്, അമൽ അശോകൻ എന്നിവർ സംസാരിക്കും.