batterry

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ നിന്ന് നാല് ബാറ്ററികൾ മോഷണം പോയി. ഉപയോഗ ശൂന്യമായതിനാൽ ലേലം ചെയ്യുന്നതിനായി ലാബിന് സമീപം സൂക്ഷിച്ചിരുന്നവയാണ് കാണാതായത്. നാല് ബാറ്ററികൾക്ക് കൂടി പതിനായിരം രൂപയാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പല ദിവസങ്ങളിലായാണ് മോഷണം നടന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ മോഷണം നടന്നത്. ഇതിന്റെ തുടർ ദിവസങ്ങളിൽ മറ്റ് ബാറ്ററികൾ കൂടി കാണാതാവുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്ന് പകൽ സമയങ്ങളിൽ വാഹനത്തിലെത്തിയാണ് മോഷ്ടാക്കൾ ബാറ്ററി കൊണ്ടുപോയതെന്ന് വ്യക്തമായി. ഭാരമുള്ള ബാറ്ററികൾ ഒരാൾക്ക് തന്നെ കടത്തിക്കൊണ്ട് പോകാൻ പറ്റില്ലെന്ന് ജീവനക്കാർ പറഞ്ഞു. മോഷണങ്ങൾക്ക് മുൻ ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയവരിലാരോ സി.സി ടി.വി ക്യാമറകളിൽ കേട് വരുത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ ഇടപെട്ട് ക്യാമറയുടെ തകരാർ പരിഹരിക്കുകയായിരുന്നു. ഇതിന് സമീപ ദിവസങ്ങളിലാണ് മോഷണം നടന്നത്. സംഭവത്തെ കുറിച്ച് ആശുപത്രി സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പൊലീസെത്തി പരിശോധന നടത്തി. പ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.