തൊടുപുഴ: മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ സംഘർഷമുണ്ടാക്കുകയും സിവിൽ പൊലീസ് ഓഫീസർക്ക് മർദനമേൽക്കുകയും ചെയ്ത സംഭവത്തിൽ ഒരു ലീഗ് പ്രവർത്തകനെ കൂടി തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മങ്ങാട്ടുകവല സ്വദേശി നിസാമുദ്ദീനാണ് (43) അറസ്റ്റിലായത്. ഇടവെട്ടിയിൽ പഞ്ചായത്ത് പ്രസിഡന്റിനെയും യു.ഡി.എഫ് അംഗങ്ങളെയും സി.പി.എം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞു വയ്ക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ പൊലീസിന്റെ നിസംഗതയ്ക്കെതിരെയും ഗുണ്ടാ ആക്രമണത്തിനെതിരെയും നവംബർ 22ന് മുസ്ലീം ലീഗ് സംഘടിപ്പിച്ച മാർച്ചിനിടെയായിരുന്നു സംഭവം. കേസിൽ നാല് മുസ്ലീംലീഗ് പ്രവർത്തകരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.