മൂന്നാർ: മൂന്നാറിനു പിന്നാലെ ചിന്നക്കനാൽ പഞ്ചായത്ത് ഭരണവും കോൺഗ്രസിന് നഷ്ടമായി. ചിന്നക്കനാൽ പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആറിനെതിരെ ഏഴ് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പാസായി. സ്വതന്ത്ര അംഗം എൽ. ഡി. എഫിനെ പിന്തുണച്ചതോടെയാണ് ഒന്നരപതിറ്റാണ്ടിനുശേഷം കോൺഗ്രസിന് ലഭിച്ച പഞ്ചായത്ത് ഭരണം നഷ്ടമായത്. കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബിക്കെതിരെ സി.പി.എം അംഗം എ.പി. അശോകൻ അവതരിപ്പിച്ച അവിശ്വാസപ്രമേയത്തെ സ്വതന്ത്ര അംഗം ഉൾപ്പെടെ ഏഴ് അംഗങ്ങൾ പിന്തുണയ്ക്കുകയായിരുന്നു. തുടർന്ന് വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ആർ. വള്ളിയമ്മൾക്കെതിരെ സി.പി.എം അംഗമായ ശ്രീദേവി അൻപുരാജ് അവതരിപ്പിച്ച അവിശ്വാസ പ്രമേയവും പാസായി. കോൺഗ്രസ്- ആറ്, സി.പി.ഐ- നാല്, സി.പി.എം- രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില. കഴിഞ്ഞതവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് സ്വതന്ത്ര അംഗം വിട്ടുനിന്നതോടെയാണ് നറുക്കെടുപ്പിൽ കോൺഗ്രസിലെ സിനി ബേബി പ്രസിഡന്റായത്. സി.പി.ഐയ്ക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കാതിരിക്കാൻ വേണ്ടി സി.പി.എം ശ്രമിച്ചെന്നാരോപിച്ച് അന്ന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും സി.പി.ഐയും വിട്ടുനിന്നിരുന്നു. അതോടെയാണ് കോൺഗ്രസിലെ ആർ. വള്ളിയമ്മാൾ വൈസ് പ്രസിഡന്റായത്.