തൊടുപുഴ: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണ നീക്കം ഉപേക്ഷിക്കുക, ബാങ്കിംഗ് നിയമ ഭേദഗതി ബിൽ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിന് തുടക്കമായി. പണിമുടക്കിയ ജീവനക്കാർ തൊടുപുഴയിൽ പ്രകടനവും ധർണ്ണയും നടത്തി. എസ്.ബി.ഐ. ടൗൺ ശാഖയുടെ മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ഫെഡറൽ ബാങ്ക് റീജ്യണൽ ഓഫീസിനു മുന്നിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ ധർണ്ണ യു.എഫ്.ബി.യു. ജില്ലാ കൺവീനർ നഹാസ്.പി. സലിം ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന സെക്രട്ടറി സനിൽ ബാബു എൻ, എൻ.സി.ബി.ഇ. സംസ്ഥാന കമ്മിറ്റി അംഗം സമേഷ് ഗോപിനാഥ്, എ.ഐ.ബി.ഒ.സി. ജില്ലാ സെക്രട്ടറി ശ്രീജിത് എസ്, എ.ഐ.ബി.ഇ.എ.ജില്ലാ ചെയർമാൻ എബിൻ ജോസ് എന്നിവർ സംസാരിച്ചു. കട്ടപ്പനയിൽ ജീവനക്കാരുടെ പ്രകടനവും പ്രതിഷേധയോഗവും നടന്നു. പ്രതീഷ് (എൻ.സി.ബി.ഇ.) സുജിത് രാജു (എ.ഐ.ബി.ഇ.എ.) എന്നിവർ സംസാരിച്ചു.ഇന്നും സമരം തുടരും.