തൊടുപുഴ : തൊടുപുഴ നിയോജക മണ്ഡലത്തിലെ ഹരിതകേരളത്തിന്റെ ജലഗുണ പരിശോധനാ ലാബുകൾ വെള്ളിയാഴ്ച നാടിന് സമർപ്പിക്കുന്നു. കുമാരമംഗലം എം.കെ.എം.എൻ.എം. ഹയർസെക്കന്ററിസ്‌കൂളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ പി.ജെ. ജോസഫ്. എം.എൽ.എ. ലാബുകളുടെ മണ്ഡലം തല പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കും.

പഞ്ചായത്ത് പ്രസിഡന്റ് ഷെമിന നാസർ അദ്ധ്യക്ഷയാകും. ഡോ. ജി.എസ്. മധു പദ്ധതി വിശദീകരിക്കും. സ്‌കൂൾ മാനേജർ ആർ.കെ. ദാസ്, ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ചെമ്പകശേരിയിൽ തുടങ്ങിയവർ സംബന്ധിക്കും.

തൊടുപുഴ മണ്ഡലത്തിൽ കുമാരമംഗലം, വെള്ളിയാമറ്റം , പുറപ്പുഴ, കരിങ്കുന്നം, ഉടുമ്പന്നൂർ, പഞ്ചായത്തുകളിലെ അഞ്ച് ഹയർസെക്കന്ററി സ്‌കൂളിലാണ് ജലഗുണ പരിശോധനാ ലാബുകൾ പൊതുജനങ്ങൾക്കായി സമർപ്പിക്കുന്നത്.

പി ജെ ജോസഫ് എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 7,54,000രൂപ അനുവദിച്ചാണ് അഞ്ച് ജല ലാബുകൾ സ്ഥാപിച്ചത്.പൊതുമേഖലാ സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് കോർപ്പറേഷനാണ് ഹരിത കേരളത്തിന് വേണ്ടി ജല ലാബുകൾ നിർമ്മിച്ചു നൽകിയത്.തൊടുപുഴയിൽ ഒന്നാം ഘട്ടത്തിൽ അഞ്ച് സ്‌കൂളുകളിലേയ്ക്ക് 5150 ജല സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള കിറ്റുകളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.