കുമളി: 'നവകേരള സൃഷ്ടിക്കായി അണിചേരൂ, മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ' എന്ന മുദ്രാവാക്യമുയർത്തി ഫെബ്രുവരിയിൽ കൊല്ലത്ത് നടക്കുന്ന കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ശനിയും ഞായറും പീരുമേട് എസ്.എം.എസ് ക്ലബ്ബ് ഹാളിൽ പി.ആർ. സുശീലൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി അനുബന്ധ പരിപാടിയായി വിദ്യാഭ്യാസ സെമിനാറുകൾ, അദ്ധ്യാപകർക്കും കുട്ടികൾക്കുമായി ക്വിസ് മത്സരങ്ങൾ, കലാസാഹിത്യ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് പാമ്പനാറിൽ നടക്കുന്ന പൊതുസമ്മേളനം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഞായർ നടക്കുന്ന വനിതാ സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് പി. വേണുഗോപാലൻ, സെക്രട്ടറി ഡി. സുധീഷ്, വൈസ് പ്രസിഡന്റ് കെ.വി. ബെന്നി, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗങ്ങളായ എസ്. സബിത, എ.എം. ഷാജഹാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ടി. ഉഷാകുമാരി, സി. യേശുദാസ്, ടി. സ്റ്റാൻലി എന്നിവർ പങ്കെടുക്കുമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എ.എം. ഷാജഹാൻ, ജില്ലാ സെക്രട്ടറി എം. രമേശ്, പ്രസിഡന്റ് കെ.ആർ. ഷാജിമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.വി. ഗിരിജാകുമാരി എന്നിവർ അറിയിച്ചു.