നെടുങ്കണ്ടം: ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഹോംഗാർഡുമാരെ സ്ഥലംമാറ്റാനുള്ള ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഹോംഗാർഡുമാരെ സ്ഥലംമാറ്റികൊണ്ടുള്ള ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് ഇറങ്ങിയത്. ജില്ലയിലുള്ള 100 ഹോംഗാർഡുമാരിൽ 61 പേരാണ് പൊലീസ് സേനയുടെ ഭാഗമായി ജോലി ചെയ്യുന്നത്. ബാക്കിയുള്ളവർ ജില്ലയിലെ വിവിധ അഗ്നിരക്ഷാ നിലയങ്ങളിലാണ് ജോലി ചെയ്യുന്നത്. പൊലീസ് സേനയുടെ ഭാഗമായുള്ളവർക്ക് മാത്രമാണ് ഇപ്പോൾ സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഇടുക്കി പോലെ വിസ്തൃതമായ ജില്ലയിൽ, നിലവിൽ ജോലി ചെയ്യുന്ന സ്റ്റേഷന് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് മാറ്റം ലഭിച്ചാൽ പോലും ദിവസവേതനമായി ലഭിക്കുന്ന തുകയിൽ പകുതിയും യാത്രയ്ക്കും ഭക്ഷണത്തിനുമായി ചിലവിടേണ്ടി വരുമെന്നും ഹോംഗാർഡുമാർ പറയുന്നു. സംസ്ഥാന വ്യാപകമായി ഹോംഗാർഡുമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് അഗ്നിരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഹോംഗാർഡുമാരുടെ സംഘടന നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഈ ഉത്തരവ് സംബന്ധിച്ച് ചീഫ് സെക്രട്ടറി അഗ്നിരക്ഷാ വകുപ്പിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ഇതിനാൽ ഉത്തരവ് നടപ്പാക്കുന്നത് നിറുത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് തിടുക്കപ്പെട്ട് ജില്ലാ പൊലീസ് മേധാവി സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നും ഹോംഗാർഡുമാർ ആരോപിക്കുന്നു. 20 വർഷത്തിനുമേൽ സൈനിക സേവനം അനുഷ്ടിച്ച് തിരികെ വന്ന വിമുക്തഭടൻമാരുടെ പുനരധിവാസത്തിന് വേണ്ടിയാണ് 2010ൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി ഹോംഗാർഡുകളെ തിരഞ്ഞെടുത്തത്.