തൊടുപുഴ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ ജില്ലാ സമ്മേളനം 19ന് തൊടുപുഴയിൽ നടക്കും. ജോവാൻസ് റീജൻസിയിൽ രാവിലെ ഒമ്പതിന് ശാസ്ത്ര പഠന ക്ലാസോടെ സമ്മേളനത്തിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി. വർഗീസ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ മുഖ്യപ്രഭാഷണം നടത്തും. ആയുർവേദ മെഡിക്കൽ എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ. വത്സലാ ദേവി, ജില്ലാ വൈസ് പ്രസിഡന്റ് ഡോ. മാത്യൂസ് വെമ്പിള്ളി, ജില്ലാ ആയുർവേദ ആശുപത്രി സൂപ്രണ്ട് ഡോ. എൻ. ഷൈലജ ദേവി, ഡോ. സി.കെ. ഷൈലജ എന്നിവർ സംസാരിക്കും. ഡോ. ജി. രാജശേഖരൻ സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും ഡോ. ലിജി ചുങ്കത്ത് ജില്ലാ റിപ്പോർട്ടും ഡോ. മറീന ജോസഫ് വനിതാ കമ്മറ്റി റിപ്പോർട്ടും ഡോ. ജോർജ്ജ് പൗലോസ് കണക്കുകളും അവതരിപ്പിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര പഠന ക്ലാസിന് പായിപ്ര ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ജോസഫ് തോമസ് നേതൃത്വം നൽകും.
മികവു തെളിയിച്ച ഡോക്ടർമാരെ ആദരിക്കൽ, റിപ്പോർട്ട് അവതരണം, ചർച്ചകൾ, പ്രമേയാവതരണം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവ നടക്കും. അടിമാലി, കട്ടപ്പന, കുമളി, തൊടുപുഴ എന്നീ ഏരിയ ഘടകങ്ങളിൽ നിന്നുമുള്ള ഡോക്ടർമാർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഡോ. റെൻസ് പി. വർഗീസ്, എറണാകുളം സോൺ സെക്രട്ടറി ഡോ. എം.എസ്. നൗഷാദ്, തൊടുപുഴ ഏരിയ പ്രസിഡന്റ് ഡോ. ടോമി ജോർജ്, സെക്രട്ടറി ഡോ. ടെലസ് കുര്യൻ എന്നിവർ പങ്കെടുത്തു.
കെ.ടി. രാജീവിന് പുരസ്‌കാരം
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അഞ്ചാമത് മാദ്ധ്യമ പുരസ്‌കാരം ദേശാഭിമാനി ഇടുക്കി ബ്യൂറോ ചീഫ് കെ.ടി. രാജീവിന് ലഭിച്ചു. സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പുരസ്‌കാരം നൽകും.