കുമളി: നാട്ടിൽ ഭവന രഹിതർക്കായി നിരവധി പദ്ധതികളുണ്ടെങ്കിലും സുനിലിനും കുടുംബത്തിനും ഇവയെല്ലാം സ്വപ്നങ്ങൾ മാത്രമാണ്. കുമളി അട്ടപ്പള്ളം പുതുപറമ്പിൽ സുനിൽ തോമസിന്റെയും (31) കുടുംബത്തിന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് അടച്ചുറപ്പുള്ള സുരക്ഷിതമായ വീട്. എന്നാൽ നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് സുനിലിന് വീടെന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമായി മാറി. നാല് മരക്കാലുകളിൽ തീർത്ത പ്ലാസ്റ്റിക് പടുത കൊണ്ട് മറച്ച ഒറ്റമുറി കൂരയിലാണ് കുടുംബം ഇപ്പോൾ അന്തിയുറങ്ങുന്നത്. മഴ പെയ്താൽ ചെളിക്കുളമാകുന്ന, സിമന്റ് പൂശാത്ത തറയിൽ ഇട്ടിരിക്കുന്ന ഒരു ഒടിഞ്ഞ കട്ടിലും, കീറിപ്പറിഞ്ഞ ബെഡും ഒരു തകര അലമാരയും, ഏതാനും പാത്രങ്ങളുമാണ് ഈ വീട്ടിനുള്ളിലെ വിലപ്പെട്ട വസ്തുക്കൾ. സുനിലിനെ കൂടാതെ ഭാര്യ ജോസിലിയും മൂന്നരവയസുള്ല ജോസ്മിയും ഒന്നര വയസുള്ല തോമസുമടങ്ങുന്ന പറക്കമുറ്റാത്ത രണ്ടു കുട്ടികളും ജോസിലിയുടെ അമ്മ റെജീനയും പോളിയോ ബാധിച്ച് ഒരു കാലിന്റെ ചലനശേഷി നഷ്ടപ്പെട്ട സുനിലിന്റെ മാതാവ് സൂസമ്മയുമാണ് (58) ഓരോ ദിവസവും തള്ളിനീക്കുന്നത് ഭീതിയോടെയാണ്. കൂലിപ്പണിക്കാരനാണ് സുനിൽ. മുമ്പ് കട്ടപ്പന നരിയാംപാറയിലായിരുന്നു മാതാപിതാക്കൾക്കൊപ്പം സുനിലും 34 വയസുള്ള ഇരട്ട സഹോദരിമാരും താമസിച്ചിരുന്നത്.
സുനിലിന്റെ പിതാവ് വർഷങ്ങൾക്കു മുമ്പ് ഒരു വാഹനാപകടത്തിൽ മരിച്ചു. പിതാവിന്റെ മരണത്തിന്റെ നഷ്ടപരിഹാരമായി ലഭിച്ച അഞ്ചുലക്ഷത്തോളം രൂപ ഉപയോഗിച്ച് ഇരട്ട സഹോദരിമാരിൽ ഒരാളെ വിവാഹം കഴിച്ച് അയച്ചു. ഇതിനിടെ രണ്ടാമത്തെയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടായി. ഇവരുടെ ചികിത്സയ്ക്കിടെ വിവാഹം കഴിച്ച സഹോദരിക്കും രോഗം ബാധിച്ചു. ഇതോടെ ഭർത്താവ് വിവാഹമോചനം നേടി. ഒരേ സമയം രണ്ടു സഹോദരിമാരുടെയും ചികിത്സക്കായി വളരെയധികം തുക ചിലവാക്കേണ്ടി വന്നതോടെ സുനിലും കുടുംബവും മാനസികമായും സാമ്പത്തികമായും തകർന്നു. അഞ്ചു വർഷത്തോളം രണ്ടു സഹോദരിമാരെയും ചികിത്സിച്ചെങ്കിലും നിവൃത്തി ഇല്ലാതായതോടെ കട്ടപ്പനയിലുള്ള ഒരു അഗതി മന്ദിരത്തിൽ എത്തിക്കുകയായിരുന്നു. ആരും നോക്കാനില്ലാത്തതിനാൽ ഏതാനും വർഷങ്ങളായി ജോസിലിയുടെ മാതാവും ഇവർക്കൊപ്പമാണ് താമസം. അടുത്തിടെ സുനിലിന്റെ മാതാവ് വീണ് കാൽ ഒടിഞ്ഞ് ചികിത്സയിലാണ്. കുമളി അട്ടപ്പള്ളത്ത് കഴിഞ്ഞ ഏഴ് വർഷമായി ഇവർ താമസിക്കുന്നു. വീട് ലഭിക്കുന്നതിന് പല തവണ പഞ്ചായത്തിന്റെ മുൻഗണന ലിസ്റ്റിൽ സുനിലിന്റെ പേര് ഇടം പിടിച്ചിരുന്നു. സുനിലിന്റെയും കുടുംബത്തിന്റേയും പേരിൽ അമ്പത് സെന്റ് സ്ഥലമുണ്ട്. പിതാവ് മരണപ്പെട്ടതിനാലും സഹോദരിമാർ മാനസിക രോഗികൾ ആയതിനാലും ഈ വസ്തു സുനിലിന്റെ പേരിലേക്ക് മാറ്റുന്നതിന് നിയമ തടസമുണ്ട്. ഇക്കാരണത്താലാൽ ഇവർക്ക് വീട് നൽകാൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്.