തൊടുപുഴ: കഴിഞ്ഞ ഒന്നര വർഷം കൊവിഡ് തീർത്ത കെടുതിയിൽ നിന്ന് പതിയെ കരകയറുമ്പോൾ കോട്ടയത്തും ആലപ്പുഴയിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ പൗൾട്രി ഫാമുകളിലും ആശങ്കയുയരുന്നു. ജില്ലയിൽ ചെറുതും വലുതുമായ നിരവധി കോഴി, താറാവ് ഫാമുകളുണ്ട്. നിലവിൽ മൃഗസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഇവ. അസ്വാഭാവികമായ ഒന്നും ഇതുവരെ ഇവിടെ നിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല. എച്ച് 5 എൻ1 വിഭാഗത്തിൽപ്പെടുന്ന വൈറസിന്റെ സാന്നിദ്ധ്യമാണ് കോട്ടയത്തെയും ആലപ്പുഴയിലെയും സാമ്പിളുകളിൽ കണ്ടെത്തിയത്. ദേശാടന പക്ഷികളിൽ നിന്നാകാം പക്ഷിപ്പനി പിടിപെട്ടതെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം. കൊവിഡും ലോക്ക്ഡൗണും മൂലം സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിയ ഫാമുകളിൽ ഏതാനും മാസത്തിനിടെയുണ്ടായ കച്ചവടത്തിലൂടെയാണ് ജീവിതം പതിയെ പച്ചപിടിച്ചത്. ക്രിസ്മസ് പുതുവത്സര സമയമായതിനാൽ കച്ചവടം കൂടുതൽ ഉഷാറാവുന്ന സമയമാണ്. എന്നാൽ അയൽ ജില്ലകളിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഇവരുടെ നെഞ്ചിടിപ്പേറുകയാണ്. ജില്ലയിൽ നാളിതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണ്. മുമ്പ് രണ്ട് തവണ കോലാനിയിലെ സർക്കാർ ഫാമിലെ പന്നികളിൽ ബ്ലൂസ്‌വില്ല വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കിയാണ് രോഗം നിർമാർജനം ചെയ്തത്.
''ജില്ലയിൽ നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതപോലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് വെറ്ററിനറി ഡോക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ഒരു കുഴപ്പവുമില്ല'
- കുര്യൻ കെ. ജേക്കബ്
(ചീഫ് വെറ്ററിനറി ആഫീസർ)
പക്ഷിപ്പനി എന്ത്
പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്‌ളുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഒരു തരം ഇൻഫ്ളുവൻസ വൈറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് സ്രവങ്ങൾ വഴിയാണ് വൈറസ് പകരുന്നത്. രോഗാണുവുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും പക്ഷികളിൽ നിന്ന് പക്ഷികളിലേക്കും രോഗം പകരും. പക്ഷികളിൽ മന്ദത, വിശപ്പില്ലായ്മ, വയറിളക്കം, തൂവൽ കൊഴിയുക, മുട്ടകളുടെ എണ്ണം കുറയുക, കട്ടികുറഞ്ഞതോടുള്ള മുട്ടകൾ, ശരീരത്തിൽ നീലനിറം, മൂക്കിലൂടെയുള്ള രക്തസ്രാവം, ശ്വാസതടസം എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.
മനുഷ്യരിലേക്ക് പടരുമോ...
കേരളത്തിൽ ഇതുവരെ ഈ രോഗം മനുഷ്യരെ ബാധിച്ചതായി റിപ്പോർട്ടില്ല. എന്നാൽ പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ബുദ്ധിമുട്ടാണ്. എന്നാൽ ജനിതക വ്യതിയാനമോ മറ്റോ മൂലം ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിക്കുന്ന തരത്തിലേക്ക് മാറിയാൽ വലിയ അപകടമുണ്ടാക്കും.