തൊടുപുഴ: യു.ഡി.എഫ് കൗൺസിലുകളുടെ കാലത്ത് രൂപംകൊടുക്കുകയും അംഗീകരിക്കുകയും ചെയ്ത കരട് മാസ്റ്റർപ്ളാൻ മൂലം ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണ സമിതിയുടെ തലയിൽ കെട്ടിവയ്ക്കാനുള്ള യു.ഡി.എഫ് നേതാക്കളുടെ തട്ടിപ്പും പ്രചരണവും നഗരവാസികൾ തിരിച്ചറിയണമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ പറഞ്ഞു. മാസ്റ്റ‌ർപ്ലാനിന്റെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ നഗരസഭയ്ക്ക് മുന്നിൽ സി.പി.ഐ നടത്തിയ കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതലക്കോടമടക്കമുള്ല പ്രധാന ആരാധനാലയങ്ങളും സ്‌കൂളുകളും ജനവാസ കേന്ദ്രങ്ങളുമുള്ള മേഖലകളിൽ പത്തും ഇരുപത്തിനാലും മീറ്റർ വീതിയിൽ റോഡുകൾ വേണമെന്ന് രേഖയുണ്ടാക്കി പാസാക്കിയ യു.ഡി.എഫ് നേതാക്കളും അന്നത്തെ ചെയർമാന്മാരും ഇപ്പോൾ ഒന്നും അറിയില്ലാത്തവരെപ്പോലെ സംസാരിക്കുന്നത് ജനങ്ങളെ കബളിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. എൽ.ഡി.എഫും കൗൺസിലും ജനങ്ങളുടെ പ്രയാസങ്ങളും ആക്ഷേപങ്ങളും കേൾക്കുന്നതിനും പരിഹാര നിർദ്ദേശങ്ങൾ ഉണ്ടാക്കുന്നതിനും പുതിയ സബ് കമ്മിറ്റി രൂപീകരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ മുൻകൈയെടുക്കണമെന്ന് മുൻസിപ്പൽ ചെയർമാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സലിംകുമാർ പറഞ്ഞു. തൊടുപുഴ മുനിസിപ്പൽ ഓഫീസിന് മുന്നിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ച കൂട്ടധർണയിൽ വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്‌സൽ, ഗീത തുളസീധരൻ, പി.ജി. വിജയൻ, അമൽ അശോകൻ, ഫാത്തിമ അസീസ്, വി.ഇ. സിദ്ധിഖ്, കെ.ആർ. ദേവദാസ് എന്നിവർ സംസാരിച്ചു.