school
ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സർക്കാർ സ്‌കൂൾ കുട്ടികൾ

കട്ടപ്പന :ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ വിവാദങ്ങൾ തലപൊക്കുമ്പോൾ പത്ത് വർഷം മുൻപേ ലിംഗ സമത്വം നടപ്പാക്കിയവരാണ് ഇരട്ടയാർ പഞ്ചായത്തിലെ ശാന്തിഗ്രാമിലുള്ള ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സർക്കാർ സ്‌കൂൾ . ഇതുവരെ ആർക്കും പരിഭവമില്ല, പരാതിയില്ല , പറയുവാനുള്ളത് തുല്യത മാത്രം. ഈ രീതിയിലാണ് അദ്ധ്യാപകർ കുട്ടികളെ ഇവിടെ വളർത്തിയെടുക്കുന്നത്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം ധരിക്കുന്ന ജൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതി കോഴിക്കോട് ബാലുശേരി എച്ച്.എസ്.എസ് നടപ്പിലാക്കിയതിൽ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതേതുടർന്ന് ലിംഗ സമത്വ യൂണിഫോം പദ്ധതി പൊതുസമൂഹത്തിൽ വലിയ ചർച്ചയായതിനിടെയാണ് മുൻ മന്ത്രിയും ഉടുമ്പൻചോല എം എൽ എ യുമായ എം എം മണി തന്റെ മണ്ഡലത്തിലെ ശാന്തിഗ്രാം സ്‌കൂളിലെ സമത്വത്തിന്റെ പുറംലോകമറിയാത്ത കഥ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് ശാന്തിഗ്രാം സ്‌കൂളിലെ മാതൃക പുറംലോകം അറിഞ്ഞത്.

യൂണിഫോം തുല്ല്യതയെക്കുറിച്ച് നാട്ടിലാകെ ചർച്ച നടക്കുമ്പോൾ പത്ത് വർഷം മുൻപേ നടപ്പാക്കിയ ഗാന്ധിജി സ്‌കൂളിന് ഇപ്പോഴത്തെ വിവാദങ്ങൾ അത്ഭുതമാണ്.ആഴ്ചയിലൊരു ദിവസം ഖാദി വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിലും കലാ കായിക മത്സരങ്ങളിലെ മികച്ച പ്രകടനങ്ങളും പഠന വിഷയങ്ങളിലെ ഉയർന്ന വിജയശതമാനം കൊണ്ടും എന്നും നാടിന്റെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ശാന്തിഗ്രാം സ്‌കൂൾ നടപ്പാക്കിയ മാതൃകാ പ്രവൃത്തി
പുറംലോകമറിഞ്ഞതോടെ അഭിനന്ദന പ്രവാഹമാണ്.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ

'' എന്റെ മണ്ഡലത്തിലെ ഇരട്ടയാർ പഞ്ചായത്തിലെ ശാന്ത്രിഗ്രാം എന്ന ഗ്രാമം. അവിടെ സർക്കാർ തലത്തിലെ കേരളത്തിലെ ഒരേയൊരു ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 2010ൽ നിലവിൽ വന്നു. 11 വർഷം കൊണ്ട് 1800 ഓളം കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയം. കാലത്തിന് മുന്നേ നടന്ന ഈ ഗ്രാമം, സ്‌കൂൾ നിലവിൽ വന്നതു മുതൽ ആൺപെൺ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു. പരാതിയില്ല, പരിഭവമില്ല. എല്ലാവരും. ഹാപ്പി ''