road

• കോൺക്രീറ്റിംഗ് വൈകിയത് പ്രതികൂല കാലാവസ്ഥയും, പാറകളിൽ നിന്നുള്ള നീരൊഴുക്കും കാരണമെന്ന് കരാറുകാരൻ

കട്ടപ്പന: മിനി സിവിൽ സ്‌റ്റേഷനിലേയ്ക്കുള്ള ദുർഘട പാതയെക്കുറിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ അതിവേഗ നടപടി. സിവിൽ സ്‌റ്റേഷനിലേയ്ക്ക് പ്രവേശിക്കാനുള്ള രണ്ട് റോഡുകളുടെയും പുനർ നിർമ്മാണം ആരംഭിച്ചു. നാല് മീറ്റർ വീതിയിലുള്ള കോൺക്രീറ്റിംഗ് വെള്ളിയാഴ്ച്ചയാണ് ആരംഭിച്ചത്. മന്ത്രി റോഷി അഗസ്റ്റിൻ പ്രളയ ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. മൂന്ന് മാസം മുൻപ് തുക അനുവദിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയും സിവിൽ സ്‌റ്റേഷന്റെ പിന്നിലെ പാറക്കെട്ടിൽ നിന്നുള്ള നീരുറവയും തടസ്സമായിരുന്നുവെന്ന് കരാറുകാരൻ പറഞ്ഞു. ഇതിനിടെയാണ് വിവിധ ആവശ്യങ്ങൾക്കായി സിവിൽ സ്റ്റേഷനിലെത്തിയ നിരവധി ആളുകൾ അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിക്കെത്തിയ സർക്കാർ ഉദ്യോഗസ്ഥയ്ക്കും ദുർഘട പാതയിലെ കുഴിയിൽ സ്‌കൂട്ടറുമായി വീണ് പരിക്ക് പറ്റിയിരുന്നു. തുടർന്ന് സിവിൽ സ്റ്റേഷനിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ അടക്കം പ്രതിഷേധിച്ച സാഹചര്യവും ഉണ്ടായി.
ജില്ലയിലെ പ്രധാനപ്പെട്ട ഓഫീസുകളിലൊന്നായ ജില്ലാ വിദ്യാഭ്യാസ ഓഫീസ്,എ ഇ ഒ , എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവയാണ് കഴിഞ്ഞ രണ്ട് വർഷമായി മിനിസിവിൽ സ്‌റ്റേഷനിലുള്ളിൽ പ്രവർത്തിക്കുന്നത്.സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിന്റെ അവസ്ഥയും പരിതാപകരമാണ്. ഓഫീസുകൾക്കുള്ളിലെ
ചോർച്ചയാണ് പ്രധാനം, മഴ ശക്തിപ്പെട്ടാൽ നടുത്തളങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യം പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.


സിവിൽ സ്‌റ്റേഷൻ കോമ്പൗണ്ടും കോൺക്രീറ്റ് ചെയ്യും മന്ത്രി

മിനി സിവിൽ സ്റ്റേഷനിലേയ്ക്കുള്ള റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ടെത്തി വിലയിരുത്തി. വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് മന്ത്രി എത്തിയത്.മൂന്ന് ദിവസങ്ങൾക്കുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാൻ കഴിയുമെന്നും ആവശ്യമെങ്കിൽ മിനി സിവിൽ സ്റ്റേഷന്റെ മുഴുവൻ കോമ്പൗണ്ടും കോൺക്രീറ്റ് ചെയ്യുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി