
ഇടുക്കി: വിവാദ മരം മുറി ഉത്തരവിന്റെ മറവിൽ വ്യാപകമായി രാജകീയ മരങ്ങൾ മുറിച്ച് കടത്തിയ സംഭവത്തിൽ അടിമാലി മുൻ റേഞ്ച് ആഫീസർ ജോജി ജോണിന് സസ്‌പെൻഷൻ. ഗുരുതരമായ കൃത്യവിലോപവും അനാസ്ഥയും കാട്ടിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് അഡിഷണൽ സെക്രട്ടറി എം.കെ. ബിന്ദു തങ്കച്ചിയാണ് ഇന്നലെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ജോജി ജോൺ തടിക്കച്ചവടക്കാരും റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തി അടിമാലി റേഞ്ചിൽ നിന്ന് 62 പാസുകളും അധികച്ചുമതല വഹിച്ചിരുന്ന നേര്യമംഗലം റേഞ്ചിൽ നിന്ന് 92 പാസുകളും നൽകിയതായി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ജോജി ജോണിനെ കഴിഞ്ഞ ജൂലായിൽ അടിമാലിയിൽ നിന്ന് പൊൻകുന്നം സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് സർക്കാർ ചെയ്തത്. വലിയ അഴിമതി നടത്തിയതായും എട്ട് അപേക്ഷകളിൽ റവന്യൂ വകുപ്പിന്റെ പോലും ശുപാർശ ഇല്ലാതെ പെർമിറ്റ് നൽകിയതായും മരം മുറി ഉത്തരവ് പിൻവലിച്ച ശേഷവും 44 പെർമിറ്റുകൾ നൽകിയതായും കാട്ടി വിജിലൻസ് ആന്റ് ഫോറസ്റ്റ് ഇന്റലിജൻസ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററുടെ റിപ്പോർട്ടും ഇയാൾക്കെതിരെ നിലവിലുണ്ട്. ഇതിൽ ഭരണ വിഭാഗം അഡീ. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് കർശന അച്ചടക്ക നടപടി ശുപാർശ ചെയ്തിരുന്നു.