ചെറുതോണി: കളഞ്ഞു കിട്ടിയ സ്വർണ്ണ മാല ഉടമസ്ഥന് തിരികെ നൽകി ചുമട്ടുതൊഴിലാളികൾ. ഇന്നലെ പുലർച്ചെയാണ് ചെറുതോണി പമ്പ് ജംഗ്ഷനിലെ ചുമട്ടു തൊഴിലാളികൾക്ക് റോഡിൽ കിടന്ന് ആറ് ഗ്രാം തൂക്കമുള്ള സ്വർണ്ണ മാല കിട്ടിയത്. സോഷ്യൽ മീഡിയ വഴി ഈ കാര്യങ്ങൾ പ്രചരിപ്പിച്ച തൊഴിലാളികൾ ഉടമസ്ഥനെ കണ്ടെത്തി. തുടർന്ന് ചുമട്ടുതൊഴിലാളി യൂണിയൻ ഓഫീസിൽ വച്ച് മാല ഉടമയ്ക്ക് കൈമാറി. കെ.എസ്.ഇ.ബിയിലെ ജീവനക്കാരനായ അനീഷ് സെബാസ്റ്റ്യന്റെ ഭാര്യയുടെ മാലയായിരുന്നു നഷ്ടപ്പെട്ടത്. ചെറുതോണി സി.ഐ.ടി.യു യൂണിയനിലെ ചുമട്ടു തൊഴിലാളികളായ കണ്ണൻ പി.എ, ബാബു പുഴക്കര, അജേഷ് അഗസ്റ്റ്യൻ, ബൈജു അണക്കര എന്നിവരുടെ നേതൃത്വത്തിലാണ് മാല തിരികെ നൽകിയത്.