dharna
യൂത്ത്‌കോൺഗ്രസ് ഇരട്ടയാർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണ

കട്ടപ്പന: ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്കുള്ള അസിസ്റ്റന്റ് എൻജിനീയറുടെ നിയമനം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടത്തിയതെന്ന് ആരോപിച്ച് യൂത്ത്‌കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് പദ്ധതി അഴിമതിയുടെയും
സ്വജനപക്ഷപാതത്തിന്റെയും വേദിയാക്കി സി.പി.എം മാറ്റിയെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂത്ത്‌കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മുകേഷ്‌ മോഹനൻ പറഞ്ഞു. ഇരട്ടയാർ ടൗണിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകരും നേതാക്കളും പഞ്ചായത്ത് ഓഫീസ് പടിയ്ക്കലേയ്ക്ക് എത്തിയത്. പ്രകടനം പൊലീസ് തടഞ്ഞതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആനന്ദ്‌ തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ്‌ ജോസ് തച്ചാപറമ്പിൽ, ബിജോ മാണി, റെജി ഇലിപ്പുലിക്കാട്ട്, വൈ.സി. സ്റ്റീഫൻ, ജോസുകുട്ടി അരീപറമ്പിൽ എന്നിവർ പ്രസംഗിച്ചു.


അടിസ്ഥാന രഹിതമെന്ന് ഭരണ സമിതി

അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉയർത്തിയാണ് യൂത്ത്‌കോൺഗ്രസും കോൺഗ്രസ്സും ഇരട്ടയാർ ഗ്രാമപഞ്ചായത്തിനെതിരെ സമരം ചെയ്യുന്നതെന്ന് എൽ.ഡി.എഫ് ഭരണ സമിതി.
പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ കണ്ട് വിളറിപൂണ്ടതാണ് ഇത്തരം വിവാദങ്ങൾക്ക് കാരണം. അസിസ്റ്റന്റ് എൻജിനീയറുടെ നിയമനം നടത്തിയത് മാനദണ്ഡങ്ങൾ പാലിച്ചാണെന്നും ഭരണ സമിതി വ്യക്തമാക്കി.