തൊടുപുഴ: ക്രിസ്മസ്, പുതുവത്സരം... ആഘോഷമേതായാലും മലയാളിക്ക് ലഹരി നിർബന്ധമാണല്ലോ. എന്നാൽ ആഘോഷവേളകളിലെ വ്യാജമദ്യവും സ്പിരിറ്റും കഞ്ചാവടക്കമുള്ള ലഹരികളും ഒഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തങ്ങൾ ഒഴിവാക്കാനുള്ള തീവ്രയജ്ഞത്തിലാണ് എക്‌സൈസ്. ജില്ലയിൽ ഡിസംബർ നാല് മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സുകൾ പ്രവർത്തിക്കുന്നുണ്ട്
കഞ്ചാവിൽ നിന്ന് മാറി ഇപ്പോൾ സിന്തറ്റിക് ഡ്രഗ്സുകളാണ് ആഘോഷവേളകളിൽ മറ്റും എത്തിക്കുന്നത്. എൽ.എസ്.ഡിയും എം.ഡി.എം.എയും അടക്കമുള്ള അതിമാരക ന്യൂജൻ ലഹരി വസ്തുക്കൾ ഇപ്പോൾ ലഹരി പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണ്. ജില്ലയിൽ വാഗമണിൽ നിന്നടക്കം കഴിഞ്ഞ വർഷം കേസുകൾ പടികൂടിയിരുന്നു. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരം കൈമാറണമെന്ന് റിസോർട്ട് നടത്തിപ്പുകാരെയും എക്സൈസ് വിവരം അറിയിച്ചിട്ടുണ്ട്.
സ്പെഷ്യൽ ഡ്രൈവ് പ്രവർത്തനങ്ങൾ
1. ചെക്‌പോസ്റ്റുകളിൽ കർശന പരിശോധന
4. ജില്ലാ ഹെഡ് ക്വാട്ടേഴ്‌സിൽ കൺട്രോൾ റൂം
2. തമിഴ്‌നാട് അതിർത്തിമേഖലയിൽ പരിശോധന
3. പൊലീസ്, റവന്യൂ, ഫോറസ്റ്റ്, എക്‌സൈസ് സംയുക്ത പരിശോധന
4. മിന്നൽ പരിശോധന, പട്രോളിംഗ്, റെയ്ഡ്
'എല്ലാ മേഖലകൾ കേന്ദ്രീകരീച്ചും വിപുലമായ പരിശോധന നടക്കുന്നുണ്ട്. മുൻ കാലങ്ങളിൽ റിസോർട്ട് കേന്ദ്രീകരിച്ചും മറ്റും ലഹരി പാർട്ടികൾ പിടികൂടിയുള്ള സാഹചര്യത്തിൽ എക്സൈസ് കൂടുതൽ ജാഗ്രതയിലാണ്."
-എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്‌ണർ വി.എ. സലിം
രണ്ടാഴ്ച, പിടിയിലായത് 60 പേർ
രണ്ടാഴ്ച കൊണ്ട് ജില്ലയിൽ വിവിധ അബ്‌കാരി- ലഹരിക്കേസുകളിലായി പിടികൂടിയത് 60 പേരെ. 35 അബ്‌കാരിക്കേസുകളും 27 ലഹരിക്കേസുകളിൽ നിന്നുമാണ് ഇത്. ഇവരിൽ 34 പേർ അബ്കാരിക്കേസിലും 26 പേർ ലഹരിമരുന്നു കേസിലും ഉൾപ്പെടുന്നു. നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട 238 കേസുകളാണ് പിടികൂടിയത്. ഒമ്പത് കിലോ കഞ്ചാവ്, 1075 ലിറ്റർ വാഷ്, 165 ലിറ്റർ വിദേശ നിർമിത മദ്യം, നാല് ലിറ്റർ ചാരായം, എം.ഡി.എം.എ എന്നിവയും പരിശോധനയിൽ പിടികൂടിയിട്ടുണ്ട്.