കട്ടപ്പന: കട്ടപ്പന- കുട്ടിക്കാനം സംസ്ഥാന പാതയെയും ഇടുക്കിക്കവല ബൈപ്പാസിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പള്ളിക്കവല ഓസാനം പടി- ഓക്‌സീലിയം പടി റോഡിന്റെ അവസാനഘട്ട ടാറിംഗ് ജോലികൾ പൂർത്തിയായി. റോഡ് സഞ്ചാരയോഗ്യമാക്കുന്നതോടെ ഇടുക്കിക്കവല, പള്ളിക്കവല എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ഗതാഗത തടസങ്ങൾ നീക്കാനാകും. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാസങ്ങളായി നിർമ്മാണം തടസപ്പെട്ടത് മൂലം പലപ്പോഴും പരാതിയിലേയ്ക്ക് നീങ്ങിയ സാഹചര്യമുണ്ടായിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ അനുവദിച്ച എട്ട് ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിന്റെ പുനർനിർമ്മാണം പൂർത്തിയാക്കാനായത്. 280 മീറ്റർ ടാറിംഗാണ് നടത്തിയത്. പരിസരവാസികൾ സ്ഥലം സൗജന്യമായി നൽകാൻ തയ്യാറായതോടെയാണ് റോഡ് യാഥാർത്ഥ്യമായത്. സംസ്ഥാന പാതയിൽ നിന്ന് സെന്റ് ജോൺസ് ആശുപത്രിയിലേയ്ക്കും വിവിധ സ്വകാര്യ സ്‌കൂളുകളിലേയ്ക്കും ഈ ബൈപ്പാസ് വഴി ഇനി എളുപ്പത്തിൽ എത്താൻ കഴിയും.