തൊടുപുഴ: പതിവായി ഭാരവാഹനങ്ങൾ ഓടുന്നതു മൂലം തകർന്നു കിടക്കുന്ന കാരിക്കോട്‌-തെക്കുഭാഗം- അഞ്ചിരി കുടയത്തൂർ റോഡ് ആധുനിക രീതിയിൽ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സേവ് അഞ്ചിരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ ഓഫീസിനു മുന്നിൽ ധർണ നടത്തി. റോഡ് പുനർനിർമാണം നടത്തുന്നതു വരെ വരെ ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഞ്ചിരിയില പാറമടകളിൽ നിന്നും ടോറസ് ലോറികൾ ഉൾപ്പെടെ ഓടുന്നതു മൂലമാണ് റോഡ് തകരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. ധർണ കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതിയംഗം കെ.ഐ. ആന്റണി ഉദ്ഘാടനം ചെയ്തു. ജോജോ കൊല്ലപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കക്ഷി നേതാക്കളായ റോയ് കെ.പൗലോസ്, ടി.എസ്.രാജൻ, പി.എസ്.ചന്ദ്രശേഖരപിള്ള, പി.എൻ.വിജയൻ, ജോസ് ജോസഫ്, ജോസ് മാത്യു, വി.പി.ജോർജ് എന്നിവർ പ്രസംഗിച്ചു.